മലയിന്‍കീഴ്: മഞ്ചാടി സ്‌കൂളിനു സമീപത്തുനിന്നു കളഞ്ഞുകിട്ടിയ 50,000 രൂപയുടെ നോട്ടുകെട്ട് കണ്ട് സുബാഷിന്റെ കണ്ണു മഞ്ഞളിച്ചില്ല. സുബാഷ് പോലീസിനെ ഏല്‍പ്പിച്ച പണം തേടി രണ്ടാം ദിവസം അവകാശിയെത്തി. ശസ്ത്രക്രിയയ്ക്കുവേണ്ടി ബാങ്കില്‍നിന്നെടുത്ത ആ പണം തിരിച്ചുകിട്ടിയപ്പോള്‍ ശ്യാമളകുമാരിയുടെ വേദന ഒട്ടൊന്നുമല്ല കുറഞ്ഞത്.

തച്ചോട്ടുകാവ് എം.പി.ഗ്യാസ് ഏജന്‍സി ജീവനക്കാരനാണ് എ.സുബാഷ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് 500 രൂപയുടെ 100 എണ്ണമുള്ള കെട്ട് റോഡില്‍നിന്നു കിട്ടിയത്. അവകാശിയെക്കാത്ത് ഒരുദിവസം കൈയില്‍വെച്ചെങ്കിലും ആരുമെത്തിയില്ല. അടുത്ത ദിവസം മലയിന്‍കീഴ് പോലീസിന് പണം കൈമാറി.

എസ്.ഐ. സുരേഷ്‌കുമാറിന് കൈമാറിയ പണത്തിന് ഞായറാഴ്ച രാവിലെ അവകാശിയെത്തി. മഞ്ചാടി കുരുതംകോട് ശശിഭവനില്‍ ശ്യാമളകുമാരി തന്റെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി മലയിന്‍കീഴ് എസ്.ബി.ഐ.യില്‍നിന്നു പിന്‍വലിച്ച അഞ്ചുലക്ഷം രൂപയില്‍നിന്നുള്ള ഒരു കെട്ടാണ് താഴെ വീണുപോയത്. മഞ്ചാടിയില്‍ താമസിക്കുന്ന മകനെ ഏല്‍പ്പിക്കുന്നതിന് കൊണ്ടുവന്ന പണത്തില്‍ നിന്നൊരു കെട്ട് കാറില്‍ നിന്നിറങ്ങിയപ്പോള്‍ താഴെ വീണുപോയതായിരുന്നു.

തെളിവുകളോടെ ശ്യാമളകുമാരി മലയിന്‍കീഴ് പോലീസിനെ സമീപിച്ചപ്പോള്‍ പണം തിരിച്ചുനല്‍കാന്‍ സുബാഷിനേയും പോലീസ് വിളിച്ചുവരുത്തി. സി.പി.എം. പ്രവര്‍ത്തകനായ സുബാഷ് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളോടൊപ്പമെത്തിയാണ് പണം ശ്യാമളകുമാരിക്ക് നല്‍കിയത്.