ഖുഷി പാണ്ഡേ| Image Courtesy: Video shared by https://twitter.com/AwanishSharan
റോഡ് അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സൈക്കിളുകളില്‍ ചുവന്ന ലൈറ്റ്(റിഫ്‌ളക്ടര്‍) സൗജന്യമായി സ്ഥാപിച്ചു നല്‍കി ഒരു യുവതി. പേര് ഖുഷി പാണ്ഡേ. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗ സ്വദേശിയാണ് ഈ ഇരുപത്തിരണ്ടുകാരി.
സൈക്കിള്‍ ഓടിച്ചുപോകുന്നതിനിടെ കാര്‍ ഇടിച്ച് മുത്തശ്ശന്‍ മരിച്ചതിന് പിന്നാലെയാണ്, അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സൈക്കിളുകളില്‍ ചുവന്ന ലൈറ്റുകള്‍ സൗജന്യമായി സ്ഥാപിച്ചു നല്‍കാന്‍ ഖുഷി ആരംഭിച്ചത്.
2009-ലെ ഛത്തീസ്ഗഢ് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ആണ് ഖുഷിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. 2020-ലാണ് ഖുഷിയുടെ അമ്മയുടെ അച്ഛന്‍ സൈക്കിള്‍ യാത്രയ്ക്കിടെ കാര്‍ ഇടിച്ച് മരിച്ചത്.
കാര്‍ ഡ്രൈവര്‍, ഖുഷിയുടെ മുത്തശ്ശനെ കണ്ടിരുന്നില്ല. അതാണ് അപകടത്തിന് വഴിവെച്ചത്. ഇതോടെയാണ് സൈക്കിളുകളില്‍ ചുവന്ന ലൈറ്റ് സ്ഥാപിച്ച് നല്‍കുക എന്ന ആശയത്തിലേക്കും അത് നടപ്പാക്കുന്നതിലേക്കും ഖുഷി കടന്നത്.
ഇതിനകം 1,500 ലൈറ്റുകളാണ് സൈക്കിളുകളില്‍ സൗജന്യമായി സ്ഥാപിച്ചു നല്‍കിയത്. ലഖ്‌നൗ നഗരത്തിന്റെ ജങ്ഷനുകളില്‍ സൈക്കിളില്‍ ലൈറ്റ് ഘടിപ്പിക്കൂ (സൈക്കിള്‍ പേ ലൈറ്റ് ലഗാവോ ) എന്ന് എഴുതിയ പ്ലാക്കാഡുമായി ഖുഷി നില്‍ക്കുന്നത് പതിവു കാഴ്ചയാണ്.
പ്രിയപ്പെട്ട മുത്തശ്ശനെ നഷ്ടപ്പെട്ടപ്പോള്‍ താന്‍ അനുഭവിച്ച വേദന, മറ്റുള്ളവര്‍ക്ക് ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഖുഷിയുടെ ഈ സത്പ്രവൃത്തി.
അവനീഷ് ശരണ്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍, ഖുഷി പ്ലക്കാഡുമായി നില്‍ക്കുന്നതും സൈക്കിളുകളില്‍ ചുവന്ന ലൈറ്റ് സ്ഥാപിച്ച് നല്‍കുന്നതും കാണാം. നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ ഖുഷിയെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.
Content Highlights: lucknow woman equips safety light on bycycle for free
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..