ശിവം സോളങ്കി. Photo: ANI
ഗാന്ധിനഗര്‍: തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഓരോനിമിഷവും തെളിയിച്ചു കൊണ്ടിരിക്കുന്ന ചില മനുഷ്യരുണ്ട്. എന്തൊക്കെ തടസ്സങ്ങളുണ്ടെങ്കിലും അതിനെയൊക്കെ അതിജീവിച്ച് മുന്നോട്ടുപോകുന്നവര്‍. അക്കൂട്ടത്തിലാണ് ഗുജറാത്തിലെ വഡോദര സ്വദേശി ശിവം സോളങ്കിയെന്ന വിദ്യാര്‍ഥിയും ഉള്‍പ്പെടുന്നത്.

പതിമൂന്നാംവയസ്സില്‍ ഒരു അപകടത്തില്‍ കൈകളും ഒരുകാലും ശിവത്തിന് നഷ്ടമായി. നിരാശയുടെ കയത്തിലേക്ക് വേണമെങ്കില്‍ വീണുപോകാമായിരുന്നു അവന്. പക്ഷെ അതുണ്ടായില്ല. പകരം മുന്നോട്ടുപോകാന്‍ തന്നെയായിരുന്നു ശിവത്തിന്റെ തീരുമാനം. കൈമുട്ടുകള്‍ കൊണ്ട് എഴുതാന്‍ പരിശീലിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടു നടക്കുകയാണ് അവന്‍.
പത്താം ക്ലാസില്‍ 81ശതമാനം മാര്‍ക്കുണ്ടായിരുന്നു ശിവത്തിന്. ഇന്ന്, കൈമുട്ടുകള്‍ കൊണ്ട് 12-ാം ക്ലാസ് പരീക്ഷയെഴുതാന്‍ ഒരുങ്ങുകയാണ് ഈ മിടുക്കന്‍. "ഞാന്‍ തയ്യാറാണ്. ഈ വര്‍ഷവും നല്ല മാര്‍ക്ക് ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. പത്താംക്ലാസില്‍ നേടിയതിനെക്കാള്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്"- വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് ശിവം പ്രതികരിച്ചു.
"ഇത് ഒരു പരീക്ഷ മാത്രമാണ്. അതുകൊണ്ടുതന്നെ ഒരുപാട് സമ്മര്‍ദത്തിന് കീഴ്‌പ്പെടേണ്ടതില്ല. നിങ്ങളുടെ ജീവിതം എന്തായിത്തീരുമെന്ന് തീരുമാനിക്കുന്നത് ഈ പരീക്ഷയല്ല. തയ്യാറെടുക്കൂ... നന്നായി എഴുതൂ"- മറ്റു വിദ്യാര്‍ഥികളോട് ശിവത്തിന് പറയാനുള്ളത് ഇതാണ്.
സ്‌കൂളില്‍നിന്ന് മകന് നല്ല സഹായം ലഭിക്കുന്നുണ്ടെന്ന് ശിവത്തിന്റെ അച്ഛന്‍ പറഞ്ഞു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അധ്യാപകര്‍ വിളിക്കുകയും ശിവത്തിനെ സന്ദര്‍ശിക്കുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: lost hands and leg in accident, gujarat boy taking exams with elbows
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..