തളരാത്ത പ്രണയം സാക്ഷി; വീല്‍ചെയറിലിരുന്ന് ശിവദാസന്‍ താലിചാര്‍ത്തി, കൈപിടിച്ച് കൂടെച്ചേര്‍ത്ത് സബിത


താലികെട്ടിനുശേഷം ശിവദാസനെ വീൽച്ചെയറിലിരുത്തി വധു സബിത മണ്ഡപത്തിൽ വലംവെക്കുന്നു | ഫോട്ടോ: എം.വി. സിനോജ്

വെങ്ങപ്പള്ളി: തളരാതെ കാത്ത പ്രണയം സാക്ഷി... വീൽച്ചെയറിലിരുന്ന് ശിവദാസൻ സബിതയ്ക്ക് താലി ചാർത്തി. വധുവിന്റെ കരംകവർന്ന് നവവരൻ മണ്ഡപം വലംവെക്കുന്നതിനുപകരം ശിവദാസനെ വീൽച്ചെയറിലിരുത്തി സബിത മുന്നോട്ടുനയിച്ചു. ജീവിതവഴിയിൽ ഒപ്പംനടക്കാൻ, താങ്ങാവാൻ, സബിത ഇനി ശിവദാസന് സ്വന്തം.

വെങ്ങപ്പള്ളി ലാൻഡ്‍ലസ് കോളനിയിലെ ശിവദാസന്റെയും ചൂരിയാറ്റ കോളനിയിലെ സബിതയുടെയും പ്രണയം പ്രതിബന്ധങ്ങളെ മറികടന്ന് ദാമ്പത്യത്തിലേക്ക്. ശിവദാസന്റെ മുറപ്പെണ്ണാണ് സബിത. പരസ്പരം സ്നേഹിച്ച ഇരുവരെയും ഒന്നിപ്പിക്കാൻ വീട്ടുകാരും നേരത്തേ തീരുമാനിച്ചിരുന്നു. വർഷങ്ങൾക്കുമുമ്പ് നിശ്ചയവും നടത്തി. ഇതിനിടെയുണ്ടായ അപകടമാണ് ഇരുവരുടെയും സ്വപ്നങ്ങൾക്ക് പ്രതിബന്ധമായത്.

കെട്ടിടനിർമാണത്തൊഴിലിനിടെയുണ്ടായ അപകടത്തിൽ ശിവദാസന്റെ അരയ്ക്കുതാഴേക്ക് തളർന്നുപോയി. പക്ഷേ, സബിതയുടെ മനസ്സുതളർന്നില്ല, വീട്ടിനുള്ളിൽ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിയ ശിവദാസനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുമെന്ന നിശ്ചദാർഢ്യത്തിലായിരുന്നു സബിത. എട്ടുവർഷം ശിവദാസന്റെ പരിചരണം മാത്രമായിരുന്നു സബിതയുടെ ജീവിതം. സബിതയുടെ സ്നേഹത്തിലും കരുതലിലും ശിവദാസൻ തിരികെയെത്തി. തളർന്നുപോയിടത്തുനിന്ന് എഴുന്നേറ്റിരിക്കാൻ ആകുംവിധം ശിവദാസനെത്തി. ജീവിതം തിരികെപ്പിടിക്കാനുള്ള കഷ്ടപ്പാടുകൾക്കിടയിൽ മുടങ്ങിയ വിവാഹത്തെക്കുറിച്ച് ചിന്തിക്കാനൊന്നും ഇരുവർക്കും സമയമുണ്ടായിരുന്നില്ല.

സഹായവുമായെത്തിയ തരിയോട് സെക്കൻഡറി പാലിയേറ്റീവ് പ്രവർത്തകരാണ് ഇരുവരുടെയും ജീവിതകഥയറിഞ്ഞ് വിവാഹത്തിന് മുൻകൈയെടുത്തത്. ഞായറാഴ്ച വെങ്ങപ്പള്ളി റെയിൻബോ ഓഡിറ്റോറിയത്തിൽ ലളിതമായ ചടങ്ങിൽ ശിവദാസനും സബിതയും പുതിയ ജീവിതയാത്ര തുടങ്ങി.

വിവാഹച്ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ കെ. സക്കീന മുഖ്യാതിഥിയായിരുന്നു. തരിയോട് സെക്കൻഡറി പാലിയേറ്റീവ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം. ശിവാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ പാലിയേറ്റീവ് പ്രവർത്തകരാണ് വിവാഹ ഒരുക്കങ്ങൾ നടത്തിയത്. സന്നദ്ധസംഘടനകളും സഹായവുമായെത്തി.

Content Highlights: long years of love; sivadasan and sabitha finally get married after overcoming hard time in life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented