കോഴിക്കോട്: മാനസികാരോഗ്യ പരിമിതികളുടെ ലോകത്തുനിന്ന് ജീവിതം തിരികെ പിടിച്ച സുധീഷിന്റേയും സിന്ധുവിന്റേയും പ്രണയം പൂവണിഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പുത്തൂര്‍മഠം വയോലി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരായി. 

തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാനസികാസ്വാസ്ഥ്യം ഉള്ളവര്‍ക്കു ചികിത്സയും പുനരധിവാസവും നല്‍കുന്ന 'ബന്യന്‍'(The Banyan) എന്ന സംഘടനയുടെ തണലിലാണ് ഇവര്‍ ഇരുവരും ജീവിതം ചേര്‍ത്തുവെച്ചത്. മാനസികാരോഗ്യപ്രശ്നമുള്ള ഇരുവരും രോഗമുക്തി നേടിയതിനു ശേഷം ബന്യന്‍ നടത്തിയ പരിശീലന പരിപാടികള്‍ക്കെത്തിയപ്പോഴാണ് സൗഹൃദത്തിലായും അത് പിന്നെ പ്രണയത്തിലായതും. മനസ്സിലുള്ളത് സംഘടനയെ അറിയിപ്പോള്‍ അവര്‍ക്കും പൂര്‍ണസമ്മതം. അങ്ങനെയാണ് ഇരുവരും വിവാഹിതരായത്.

sindhu sudheesh

സുധീഷിന്റെ നാടായ പുത്തൂര്‍മഠത്തെ വയോലി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ രാവിലെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടന്ന ചടങ്ങില്‍ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ബന്യന്‍ പ്രവര്‍ത്തകരും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ശേഷം ഇരുവരും മലപ്പുറത്തെ പുളിക്കലില്‍ ബന്യന്‍ ഇവര്‍ക്കായി സജ്ജീകരിച്ച ചെറിയ വീട്ടില്‍ താമസം തുടങ്ങും. മൂന്ന് മാസത്തിനകം സുധീഷിന്റെ സ്വന്തം വീട്ടിലേക്ക് ഇവര്‍ തിരിച്ചു പോകും. 

ഇരുവരുടേയും പ്രണയകഥ നടന്‍ മാധവനും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. മാധവന്‍ ഇരുവര്‍ക്കും ആശംസകളും അറിയിച്ചു. 

 

'ആല്‍മര'ത്തണലില്‍ പ്രണയസാഫല്യം: മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് സിന്ധുവും സുധീഷും ജീവിതത്തിലേക്ക്