
പെരിഞ്ഞനം(തൃശ്ശൂര്‍): ജീവിതത്തിന്റെ പാതിവഴിയില്‍ സ്വന്തം ഭാഗ്യം വിധി കവര്‍ന്നെടുത്തെങ്കിലും മുച്ചക്രവണ്ടിയിലിരുന്ന് മറ്റുള്ളവര്‍ക്ക് ഭാഗ്യമൊരുക്കുകയാണ് പെരിഞ്ഞനം സ്വദേശിയായ തോട്ടത്തില്‍ മധു. മരണത്തെ മുഖാമുഖം കണ്ട അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും തളര്‍ന്ന ശരീരവുമായി ഭാഗ്യക്കുറി വില്‍പ്പന നടത്തുകയാണ് ഈ നാല്പത്തഞ്ചുകാരന്‍.
കെട്ടിടനിര്‍മാണത്തൊഴിലാളിയായിരുന്നു മധു. ചെന്ത്രാപ്പിന്നിയില്‍ നിര്‍മിച്ചുകൊണ്ടിരുന്ന വീടിന്റെ മുകള്‍ഭാഗത്ത് സിമന്റ് തേയ്ക്കുന്നതിനിടയില്‍ മഴുക്കോല്‍ തൊട്ടടുത്തുള്ള 11 കെ.വി. വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റാണ് നാലരവര്‍ഷം മുമ്പ് അപകടം സംഭവിച്ചത്. അപകടത്തില്‍ മധുവിന്റെ നട്ടെല്ലിന് ക്ഷതമേറ്റു.
മാസങ്ങള്‍ നീണ്ട ചികിത്സകള്‍ക്കൊടുവില്‍ സംസാരശേഷി വീണ്ടെടുത്തെങ്കിലും ഇരുകൈകളൊഴികെ ശരീരം മുഴുവനായും തളര്‍ന്നു. ഭാര്യയും രണ്ട് ചെറിയ കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ വരുമാനമാര്‍ഗം നിലച്ചതോടെ തുടര്‍ചികിത്സകളും പാതിവഴിയിലായി. മകള്‍ പഠിക്കുന്ന പെരിഞ്ഞനം ഗവ. യു.പി. സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും, നാട്ടുകാരുമെല്ലാം പണം സ്വരൂപിച്ച് തുടര്‍ചികിത്സയ്ക്കുള്ള സഹായവുമായെത്തി. ഭക്ഷണം കഴിക്കാന്‍ കഴിയുന്നതുള്‍പ്പെടെ ചെറിയ മെച്ചമുണ്ടായെങ്കിലും പ്രാഥമികാവശ്യങ്ങള്‍ക്കുള്‍പ്പെടെ പരസഹായം വേണമെന്നായി.
പക്ഷേ തളരാന്‍ മധുവിന്റെ മനസ്സ് തയ്യാറായില്ല. കയ്പമംഗലത്തെ സന്നദ്ധ സംഘടന നല്‍കിയ മുച്ചക്രവണ്ടിയില്‍ ലോട്ടറി വില്പന നടത്താനായിരുന്നു തീരുമാനം. രാവിലെ ഭാര്യതന്നെയാണ് കട്ടിലില്‍നിന്നെടുത്ത് വണ്ടിയിലിരുത്തുന്നത്. ഇരുന്നാല്‍ വീഴുമെന്നതിനാല്‍ കാലുകളും വയറും വണ്ടിയില്‍ കെട്ടിയിടണം. മൂത്രം പോകാനുള്ള ട്യൂബടക്കം ഒരു വശത്തുണ്ട്.
ബീച്ച് റോഡില്‍ പെരിഞ്ഞനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപമാണ് ഇപ്പോഴത്തെ വില്പന. പഞ്ചായത്തില്‍നിന്നു ലഭിക്കുന്ന പ്രതിമാസ പെന്‍ഷനായ 1200 രൂപയും ലോട്ടറി വിറ്റുകിട്ടുന്ന തുച്ഛമായ തുകയുമാണ് വരുമാനമാര്‍ഗം. കുറേനേരം ഇരിക്കുമ്പോള്‍ ഇടയ്ക്കിടെ തലകറക്കം അനുഭവപ്പെടും. കണ്ണുകളില്‍ ഇരുട്ട് നിറയും. ബോധരഹിതനായി വണ്ടിയില്‍ ചാഞ്ഞുകിടക്കുമ്പോള്‍ പലപ്പോഴും വഴിയാത്രക്കാര്‍ സഹായത്തിനെത്തിയിട്ടുണ്ട്. മഴയും വെയിലും കൂസാതെ ഒന്നര കിലോമീറ്റര്‍ ദൂരം മുച്ചക്രവണ്ടിയില്‍ താണ്ടുകയാണ് ഈ മനുഷ്യന്‍. കുറച്ചുനേരം വണ്ടിയുടെ ചക്രം തിരിക്കുമ്പോള്‍ കൈ തരിക്കുന്നതിനാല്‍ വണ്ടിയില്‍ ഒരു മോട്ടോര്‍ ഘടിപ്പിക്കണമെന്ന ആഗ്രഹമുണ്ട് മധുവിന്.
ആല്‍ഫ പാലിയേറ്റിവ് കെയറില്‍നിന്നും അധികൃതരെത്തി മാസംതോറും പരിശോധന നടത്തുന്നുണ്ട്. എന്നെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ ഭാഗ്യം തേടിയെത്തുന്നവരെ കാത്തിരിക്കയാണ് മധുവിന്റെ മുച്ചക്രവണ്ടി.
content highlights: life story of madhu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..