ഫാ. ലൂയി മരിയദാസ് മേനാച്ചേരി.
ഫാ. ലൂയി മരിയദാസ് മേനാച്ചേരി കാസര്‍കോട് കാലിച്ചാനടുക്കത്തേക്ക് എത്തിയിട്ട് മൂന്നുവര്‍ഷം തികയുകയാണ്. ഇരിട്ടിയിലെ കര്‍ഷകകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അച്ചന്റെ കണ്ണ് ആദ്യം ഉടക്കിയത് കാലിച്ചാനടുക്കത്തെ കൃഷിക്കനുയോജ്യമായ നല്ല മണ്ണിലാണ്. പിന്നൊന്നും നോക്കിയില്ല. പള്ളിയുടെ നാലേക്കറില്‍ കുരുമുളകും നേന്ത്രവാഴയും തെങ്ങും ജാതിയും കപ്പയും മാവും പ്ലാവും ഞാവലും പേരയുമൊക്കെ നട്ടു പിടിപ്പിച്ചു. അവയ്ക്ക് നനയ്ക്കാനും വളമിടാനും സമയം കണ്ടെത്തി അദ്ദേഹം. 'വളര്‍ന്നതും ജീവിച്ചതുമൊക്കെ കാര്‍ഷിക കുടുംബത്തിലായിരുന്നു. അപ്പോള്‍ പിന്നെ നമ്മുടെ ചോര വെറുതെയിരിക്കാന്‍ സമ്മതിക്കുമോ- നിറഞ്ഞ ചിരിക്കിടയില്‍ ലൂയിസ് അച്ചന് പറഞ്ഞു.
തീര്‍ന്നില്ല അച്ചന്റെ പരീക്ഷണങ്ങള്‍. പള്ളിമേടയോടു ചേര്‍ന്ന് പ്രാവുകളെയും നാടന്‍കോഴികളെയും ആടുകളെയും മീനുകളെയുമൊക്കെ വളര്‍ത്താന്‍ തുടങ്ങി. തായ്ലന്ഡ് ഫിലോപ്പിയ മുതല്‍ പഞ്ചായത്തില്‍നിന്ന് കിട്ടിയ ചെറുമീനുകളടക്കം 250 മീനുകളിലധികമുണ്ട് ഇന്ന് അച്ചന്റെ ടാങ്കില്‍. ഓസ്ട്രേലിയന്‍ വൈറ്റും ബൊക്കാറ ട്രമ്പറ്ററും ജാക്കോബിനും ലാഹോറുമൊക്കെയായി നാല്‍പ്പതിലധികം പ്രാവുകളും പള്ളിമുറ്റത്ത് ചിറകടിക്കുന്നു. ഗുജറാത്തില്‍നിന്ന് കൊണ്ടുവന്ന നല്ലയിനം നാടന്‍കോഴികളും കരിങ്കോഴികളും ഇതിനെല്ലാം പുറമെ കുറച്ച് ആടുകളുമൊക്കെയായി ലൂയിസ് അച്ചന് ഹാപ്പിയാണ്.
അച്ചനെകാണാന്‍ പള്ളിയിലെത്തുന്നവരരാരും മനസ്സും വയറും നിറയാതെ മടങ്ങാറില്ല. അച്ചന്റെ കൃഷിവിശേഷങ്ങളെല്ലാം കണ്ട് മനസ്സ് നിറഞ്ഞാല്‍ അച്ചന് തയ്യാറാക്കി വെച്ചിരിക്കുന്ന ഭക്ഷണമേശയിലേക്കെത്തിയാല് മതി. നല്ല നാടന്കപ്പയും തൊട്ടപ്പുറത്തെ ടാങ്കില്‍നിന്ന് പിടിച്ച് നല്ല പുളിയിട്ടു വെച്ച മീന്‍കറിയും പിന്നെ പറമ്പിലെ തന്നെ മാവില്‍നിന്നും കിട്ടിയ മാങ്ങ അച്ചാറിട്ടതുമൊക്കെയായി വയറും നിറച്ച് മടങ്ങാം.
'ഇടവകയിലെ എല്ലാവര്ക്കും ഒരുപാട് ഇഷ്ടമുള്ള വികാരി. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എല്ലാവരെയും ഒരു പോലെ കണ്ട് സ്നേഹിക്കുന്ന ലൂയിസച്ചനെ ഇഷ്ടപ്പെടാതിരിക്കാന്‍ ആര്‍ക്കാണ് സാധിക്കുക -പള്ളി കോ ഓര്‍ഡിനേറ്റര്‍ ബേബി മാടപ്പള്ളി പറയുന്നു.

ജീവനാണ് സംഗീതം
സംഗീതത്തോട് വല്ലാത്തൊരു ഇഷ്ടമാണ് ലൂയീസ് അച്ചന്. ആത്മീയജീവിതത്തിന് ഇടയില്‍ കിട്ടുന്ന ഇടവേളകളിലാണ് എഴുത്ത്. ഇതുവരെ 12 ആല്‍ബങ്ങളിലായി 50 ഗാനങ്ങളാണ് ലൂയിസച്ചന് ചെയ്തിരിക്കുന്നത്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം കൊടുക്കാനുള്ള അവസരം ലഭിച്ചത് എഴുതാനും ഈണം പകരാനുമുള്ള കഴിവിനുള്ള അംഗീകാരമാണ്. സംഗീതത്തെ ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് ജീവിതത്തില്‍ കിട്ടാവുന്ന വലിയ ഭാഗ്യങ്ങളില്‍ ഒന്ന് അത് എന്റെ ദൈവം എനിക്കുതന്നു. അത്രതന്നെ -അച്ചന് പറയുന്നു. അങ്ങേ തിരുമുറിവുകളില്‍ എന്നെ മറക്കേണമേ എന്നുതുടങ്ങുന്ന ക്രിസ്തീയഗാനം കുര്‍ബ്ബാനമധ്യേ കേള്‍ക്കാത്തവര്‍ കുറവായിരിക്കും.
സംഗീതത്തില്‍ ബിരുദാനന്തര ബിരുദം
സംഗീതത്തോടുള്ള ഇഷ്ടം കൊണ്ടാണ് കര്‍ണാടിക് സംഗീതത്തില്‍ അച്ചന് ബിരുദാനന്തര ബിരുദ കോഴ്സ് ചെയ്തത്. നെഹ്രു കോളേജില്‍ നടന്ന കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവത്തില്‍ സ്വന്തമായി എഴുതി പാടിയ 'അമ്മ' കവിതയ്ക്ക് ഒന്നാം സ്ഥാനം കിട്ടിയിരുന്നു.
സംഗീതത്തെ ഇത്രയങ്ങ് ഇഷ്ടപ്പെടുന്ന അച്ചന് സംഗീതത്തില്‍ ഇനിയെന്താണ് സ്വപ്നം എന്നുചോദിച്ചാല്‍ ചെറിയൊരു ചിരിയോടെ ഉടനെത്തും മറുപടി 'സാംസ്കാരിക പൈതൃകമേറെയുള്ള നീലേശ്വരത്ത് ഒരു കലാ-സാംസ്കാരികകേന്ദ്രം തുടങ്ങണം. കലയെ സ്നേഹിക്കുന്ന സംഗീതത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒത്തു ചേരാനും അറിവ് പങ്കിടാനുമുള്ള ഒരു ഇടം. ദൈവം സഹായിച്ച് അതിനുള്ള സൗകര്യങ്ങളൊക്കെ പൂര്‍ത്തിയായി വരികയാണെന്ന് അച്ചന് പറയുന്നു. 'ഒരു വൈദികനെന്നതിനപ്പുറം ജനകീയമായും സാംസ്കാരികമായും ഒരുപാട് ഇടപെടലുകള്‍ നടത്തുന്ന ഒരാളാണ് മരിദാസ് അച്ചന്. മാതൃകയാക്കാന്‍ ഏറെയുണ്ട് അച്ചനില്‍'- കോടോം ബേളൂര്‍ പഞ്ചായത്തംഗം മുസ്തഫ തായന്നൂര്‍ പറയുന്നു
10 കുഞ്ഞുങ്ങളുടെ അച്ചന്
2013-17 വര്‍ഷക്കാലം കാഞ്ഞിരക്കൊല്ലി വിമലാംബിക ദേവാലയത്തിലെ വികാരിയായിരുന്നു മരിയദാസച്ചന്. അബ്ദുള്‍ഖാദര്‍ എന്നൊരാള്‍ തന്റെ പിതാവിന്റെ പേരിലുള്ള സ്കൂള്‍, പേര് മാറ്റരുതെന്ന വ്യവസ്ഥയോടെ വള്ളോപ്പിള്ളി പിതാവിന് കൈമാറിയിരുന്നു. ബിഷപ്പിന്റെ പകരക്കാരനാണല്ലോ വികാരി. സ്കൂളിന്റെ ഉത്തരവാദിത്വം മരിയദാസച്ചനിലായി. സ്കൂളില്‍ കുട്ടികള്‍ കുറഞ്ഞത് വലിയ പ്രതിസന്ധിയായി.
കുട്ടികളുടെ എണ്ണം കൂട്ടാനുള്ള ശ്രമത്തിനിടയില്‍ അന്വേഷണം ചിറ്റാരിക്കാല്‍ ശ്രീയേശു ബാലഭവന് ചാരിറ്റബിള്‍ ട്രസ്റ്റിലെത്തി. അതോടെ ട്രസ്റ്റിന്റെ മേധാവി തോമസിനൊപ്പമുണ്ടായിരുന്ന അഞ്ച് കുട്ടികളെ കാഞ്ഞിരക്കൊല്ലിയിലേക്ക് മാറ്റാന്‍ തീരുമാനമായി.
എന്നാല്‍ കാഞ്ഞിരക്കൊല്ലിയില്‍ കുട്ടികളെ താമസിപ്പിക്കാനുള്ള സൗകര്യം കിട്ടിയില്ല. പിന്നെ മറ്റൊന്നും നോക്കിയില്ല. പള്ളിക്കമ്മിറ്റിയുടെ തിരുമാന പ്രകാരം തോമസും കുട്ടികളും മരിയദാസച്ചനൊപ്പം വൈദികമന്ദിരത്തില്‍ താമസമാക്കി. സാമ്പത്തികമായി വേദനിക്കുന്ന ജീവിക്കാന്‍ നിവൃത്തിയില്ലാത്ത കുടുംബങ്ങളില്‍നിന്നുള്ള അഞ്ച് കുട്ടികളെക്കൂടി മരിയദാസച്ചന് പിന്നീട് ഏറ്റെടുത്തു. ഇപ്പോള്‍ എല്ലാവരും സുഖമായിരിക്കുന്നു. 'സ്വന്തമായി ഉണ്ടായിരുന്നതെല്ലാം ദൈവത്തിനായി ഉപേക്ഷിച്ച് സന്ന്യാസജീവിതത്തിലേക്ക് ഇറങ്ങിത്തിരിച്ചപ്പോള്‍ കൂട്ടിനായി ദൈവം എനിക്കു തന്ന എന്റെ കുഞ്ഞുങ്ങള്‍ -അച്ചന് പറഞ്ഞുനിര്‍ത്തി.
കണ്ണൂര്‍ ഇരിട്ടി കീഴ്പള്ളിയിലെ തോമസിന്റെയും മേരിയുടെയും നാല് മക്കളില്‍ മൂത്തയാളാണ് ഫാ. ലൂയി മരിയദാസ്. 2008 ഡിസംബര്‍ 31-ന് ദൈവത്തിനായി ജീവിതം സമര്‍പ്പിച്ച് പൗരോഹിത്യത്തിലേക്ക് കടന്നു. നല്ലൊരു മനുഷ്യസ്നേഹിയായി മറ്റുള്ളവര്‍ക്കായി ഇനിയും ജീവിക്കണം. അതുമാത്രമാണ് ജീവിതത്തിലെ ആശ - നിഷ്കളങ്കമായ ചിരിക്കിടയില്‍ ലൂയിസ് അച്ചന് പറഞ്ഞു.
content highlights: life story of father luis mariyadas menachery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..