.jpg?$p=fc20cf2&f=16x10&w=856&q=0.8)
തൃശ്ശൂർ അയ്യന്തോളിൽ കോസ്റ്റ്ഫോർഡ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന എൽ.ഇ.ഡി. ക്ലിനിക്ക്
തൃശ്ശൂര്‍: കേടായ എല്‍.ഇ.ഡി. ബള്‍ബുകള്‍ വലിച്ചെറിയുകയും അവ ഉപയോഗിച്ച് എലിമാളം അടയ്ക്കുകയും ചെയ്യുന്ന രീതിക്ക് മാറ്റം വരണമെന്ന തീരുമാനത്തില്‍ പിറന്നത് ഒരു എല്‍.ഇ.ഡി. ക്ലിനിക്ക്. 40 രൂപയും കേടായ ബള്ബുമായെത്തിയാല് ഈ ക്ലിനിക്കില്‍ നിന്ന് 10,000 മണിക്കൂര്‍ വീണ്ടും പ്രകാശിക്കുന്ന തരത്തിലേക്ക് ' ജീവന്' വയ്പിച്ച് മടങ്ങാം.
തൃശ്ശൂരിലെ കോസ്റ്റ്ഫോര്‍ഡ് എന്ന പ്രസ്ഥാനം അയ്യന്തോളിലെ ആസ്ഥാനത്ത് തുടങ്ങിയ എല്‍.ഇ.ഡി. ക്ലിനിക്ക് നാലുമാസം കൊണ്ട് ഒട്ടേറെ പേര്‍ക്ക് ബള്‍ബ് നന്നാക്കാന്‍ പരിശീലനവും നല്കി. പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയുള്ള തൊഴിലവസരസാധ്യതകള്ക്കും കോസ്റ്റ്ഫോര്‍ഡിന്റെ ബള്‍ബ് ക്ലിനിക് വഴിതുറക്കുന്നു.
സ്ഥാപനത്തിന്റെ ജോയിന്റ് ഡയറക്ടര്‍ പി.പി. രാജീവ്, പി.ആര്.ഒ. കെ.ജേക്കബ് ദേവസി, എന്‍ജിനീയര്‍ ഇ.എ. ശ്രീനി എന്നിവര്‍ എറണാകുളത്ത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ റൂറല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സെന്ററില്‍ പോയി ബള്‍ബ് നന്നാക്കല്‍ വിദ്യ പഠിച്ചതോടെയാണ് തുടക്കം. വര്‍ഷങ്ങളായി കോസ്റ്റ്ഫോര്ഡില് പ്ലംബിങ്, ഇലക്ട്രിക്കല്‍ കാര്യങ്ങള്‍ നോക്കുന്ന ജോലിക്കാരന് മുഹമ്മദ് കാസിമിനെ ഇത് പഠിപ്പിച്ചു. ഇലക്ട്രോണിക്സ് രംഗവുമായി ഒരു ബന്ധവുമില്ലാത്ത കാസിമാണ് ഇപ്പോള്‍ ക്ലിനിക്കിലെ ' എല്‍.ഇ.ഡി. ഡോക്ടര്‍'.
കുന്നംകുളത്തെ കെ.എസ്.ഇ.ബി.യില്നിന്ന് ക്ലിനിക്കില്‍ വന്നത് ഇരുനൂറോളം കേടായ ബള്‍ബുകള്‍. ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനമുടമകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍നിന്ന് കേടായ ബള്‍ബുകളുടെ പ്രവാഹമായിരുന്നു പിന്നീട്.
ബള്‍ബിന്റെ പ്രവര്‍ത്തനത്തിന് ആധാരമായ മൊഡ്യൂള്‍ മാറ്റിക്കൊടുക്കുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ എല്‍.ഇ.ഡി. മാത്രം കത്തിപ്പോയവയാണെങ്കില് ആ ഭാഗം സോള്‍ഡര്‍ ചെയ്ത് ശരിയാക്കിക്കൊടുക്കും. അങ്ങനെ ചെയ്താല്‍ 20 രൂപയേ വാങ്ങൂ. കേടായ ബള്‍ബ് അന്നുതന്നെ ശരിയാക്കിക്കൊടുക്കാന്‍ പരമാവധി ശ്രമിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..