വിവാഹിതരായ ലയജയും സിജിയും(ഇടത്ത്) വിവാഹവസ്ത്രങ്ങൾ സമ്മാനിക്കാനെത്തിയ ധനലക്ഷ്മിയും മാധവും(വലത്ത്)
കോഴിക്കോട്: മാധവും ധനലക്ഷ്മിയും സ്‌നേഹസമ്മാനമായി നല്‍കിയ വിവാഹ വസ്ത്രങ്ങളണിഞ്ഞ് ലയജയും സിജിയും വിവാഹപ്പന്തലില്‍ എത്തി, ഇടുക്കിയില്‍ പെരുമ്പന്‍കുത്തിലെ റിവര്‍ ലാന്‍ഡ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ സാക്ഷി നിര്‍ത്തി സിജി ലയജയ്ക്ക് മിന്നുചാര്‍ത്തി. ഒന്നര വയസ്സില്‍ പോളിയോ ബാധിച്ച് വീല്‍ച്ചെയറിലായ കോഴിക്കോട് തലയാട് സ്വദേശി ലയജയും വീഴ്ചയില്‍ ശരീരം തളര്‍ന്ന ഇടുക്കിയിലെ സിജി ജോസഫുമാണ് വിധി ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്ന് കുടുംബജീവിത്തിലേക്ക് പ്രവേശിച്ചത്.
പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്നതാണെങ്കിലും ശാരീരിക പരിമിതികളെ മനക്കരുത്തുകൊണ്ട് മറികടന്ന് ജീവിതം നയിക്കുകയായിരുന്നു ലയജ. വീല്‍ച്ചെയറില്‍ ഇരുന്ന് കുടയും ആഭരണങ്ങളും നെറ്റിപ്പട്ടവും നിര്‍മിച്ചും തയ്യല്‍ ജോലി ചെയ്തുമാണ് ലയജയുടെ അതിജീവനം. കോവിഡ് കാലത്ത് മാസ്‌കുകളും നിര്‍മിച്ച് നല്‍കി. സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ 'കൂട്ട'ത്തിലെ അംഗങ്ങളാണ് സിജിയും ലയജയും. ഈ കൂട്ടായ്മയിലെ സൗഹൃദമാണ് ഇവരെ ജീവിതത്തില്‍ ഒരുമിപ്പിച്ചത്.
ഈ കൂട്ടായ്മ വഴി തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം ലഭിച്ച കാസര്‍കോട് ചെറുവത്തൂരിലെ സി.ധനലക്ഷ്മിയും ഇടുക്കി അടിമാലിയിലെ മാധവും ഇവരെ പരിചയപ്പെട്ടത്. ഇവരുടെ വിവാഹക്കാര്യം അറിഞ്ഞതോടെ പുരസ്‌കാര തുകയില്‍ നിന്ന് ഇരുവര്‍ക്കുമുള്ള വിവാഹവസ്ത്രങ്ങള്‍ നല്‍കാന്‍ മാധവും ധനലക്ഷ്മിയും തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തലയാട് പാരിഷ്ഹാളില്‍ നടന്ന സുഹൃദ് വിരുന്നിലെത്തിയാണ് ലയജയ്ക്കും സിജിയ്ക്കുമുള്ള വിവാഹ വസ്ത്രങ്ങളും ലയജയുടെ അമ്മയ്ക്കുള്ള വസ്ത്രങ്ങളും സമ്മാനിച്ചത്. ആദ്യമായി നേരില്‍ക്കാണുന്ന കുട്ടിക്കൂട്ടുകാര്‍ സ്‌നേഹത്തോടെ സമ്മാനിച്ച വിവാഹ വസ്ത്രങ്ങള്‍ ഇരുവരും സ്വീകരിക്കുകായിരുന്നു.
Content Highlights: layaja siji wedding
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..