മാതൃഭൂമി ദിനപത്രത്തിൽ മുൻപ് പ്രസിദ്ധീകരിച്ച വാർത്ത.
കാഞ്ഞങ്ങാട്: ആദിത്യന്റെ ഓര്‍മയില്‍ അവന്റെ സഹോദരങ്ങളും അമ്മയും വെള്ളിയാഴ്ച നെല്ലിത്തറയിലെ 'ആദിത്യപ്രഭ'യുടെ പടികയറും. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി ഡോ. ആര്‍.ബിന്ദുവില്‍നിന്ന് ആദിത്യന്റെ അമ്മ നിഷ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് ജനകീയസമിതി ചെയര്‍മാന്‍ വി.വി.രമേശന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ വീടിനുവേണ്ടി സൗജന്യമായി സ്ഥലം നല്‍കിയ ദാമോദരന്‍ ആര്‍ക്കിടെക്ടിനെ മന്ത്രി ആദരിക്കും. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, പുല്ലൂര്‍ പെരിയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
'മാതൃഭൂമി' വാര്‍ത്തയെ തുടര്‍ന്നാണ് അകാലത്തില്‍ പൊലിഞ്ഞ ബാലചിത്രകാരന്‍ ആദിത്യന്റെ നിര്‍ധന കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 26-നാണ് ആദിത്യന്‍ മരിച്ചത്. ക്വാര്‍ട്ടേഴ്സ് മുറിയിലെ ചാക്കില്‍ കെട്ടിവെച്ച അവന്റെ സമ്മാനങ്ങളത്രയും പുതിയ വീട്ടിലെ ഷോക്കേസില്‍ നിറയും.
ജനകീയകമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിന്റെ പേരായിരുന്നു ആദിത്യപ്രഭ. അതേ പേരാണ് വീടിനും നല്‍കിയത്. നെല്ലിത്തറ സരസ്വതിവിദ്യാലയത്തിലേക്കുള്ള പാത ആദിത്യപ്രഭ റോഡ് എന്ന പേരിലറിയപ്പെടുമെന്ന് ജനകീയസമിതി രക്ഷാധികാരിയും ഈ വിദ്യാലയത്തിന്റെ ചെയര്‍മാനുമായ ദാമോദരന്‍ ആര്‍ക്കിടെക്ട് പറഞ്ഞു.
ആദിത്യന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരുവര്‍ഷം തികയും മുന്‍പേ വീട് പൂര്‍ത്തിയായത് കാഞ്ഞങ്ങാടിന്റെ നല്ല മനസ്സുകളുടെ സഹായം ഒന്നുകൊണ്ട് മാത്രമാണെന്ന് 'ആദിത്യ പ്രഭ' ചെയര്‍മാന്‍ വി.വി.രമേശനും ജനറല്‍ കണ്‍വീനര്‍ എം.കെ.വിനോദ്കുമാറും പറഞ്ഞു. ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു ആദിത്യന്‍. അവനൊപ്പം പഠിച്ചവര്‍ ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്. ഈ കുട്ടികളും ദുര്‍ഗാ സ്‌കൂളിലെ അധ്യാപകരും താക്കോല്‍ദാന ചടങ്ങില്‍ സംബന്ധിക്കുമെന്ന് പ്രിന്‍സിപ്പല്‍ പി.വി.ദാക്ഷയും പ്രഥമാധ്യാപകന്‍ ടി.വി.പ്രദീപ്കുമാറും പറഞ്ഞു.
Content Highlights: late adithyan's family gets new home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..