പാലപ്പെട്ടി പുതിയിരുത്തി 71-ാം നമ്പർ അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമിക്കാൻ സൗജന്യമായി വിട്ടുനൽകുന്ന ഭൂമിയുടെ ആധാരം തണ്ടാംകോളി കുഞ്ഞിമൊയ്തു പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ബിനീഷ മുസ്‌തഫയ്ക്ക് കൈമാറുന്നു.
എരമംഗലം (മലപ്പുറം): കാലിത്തൊഴുത്ത് മുതല്‍ വീട്ടുവരാന്തയില്‍ വരെ കുട്ടികളുമായി കഴിച്ചുകൂട്ടിയതിന്റെ ദുരിതകഥകള്‍ പറയുമ്പോള്‍ അങ്കണവാടി അധ്യാപിക കെ.കെ. ബിന്ദുവിന്റെ കണ്ണുകള്‍ ഈറനണിയും. അത്രയ്ക്ക് ദുരിതമായിരുന്നു കഴിഞ്ഞ 27 വര്‍ഷമായി പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ പാലപ്പെട്ടി പുതിയിരുത്തി 71-ാം നമ്പര്‍ അങ്കണവാടിയിലെ കുരുന്നുകള്‍ കഴിച്ചുകൂട്ടിയത്.
പാലപ്പെട്ടി സ്വദേശി തണ്ടാംകോളി കുഞ്ഞിമൊയ്തുവിന്റെ നന്മമനസ്സില്‍ അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി മൂന്നുസെന്റ് ഭൂമി സൗജന്യമായി വിട്ടുനല്‍കിയതിന്റെ ആഹ്ലദത്തിലാണ് ബിന്ദുവും കുട്ടികളും. പാലപ്പെട്ടി സ്വാമിപ്പടിക്ക് കിഴക്കുഭാഗത്തായി ദേശീയപാതയോട് അടുത്തായുള്ള പൊന്നുംവില ലഭിക്കുന്ന ഭൂമിയാണ് കുഞ്ഞിമൊയ്തു പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിന് കൈമാറിയത്.
കെട്ടിടം നിര്‍മിക്കാന്‍ ഭൂമി ലഭിച്ചതിനാല്‍ എത്രയും വേഗത്തില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചതായി പഞ്ചായത്തധികൃതര്‍ അറിയിച്ചു. ഭൂമി സൗജന്യമായി വിട്ടുനല്‍കിയ കുഞ്ഞിമൊയ്തുവിന്റെ സഹോദരന്‍ മുഹമ്മദുണ്ണിയുടെ വീട്ടിലാണ് നിലവില്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നത്.
സൗജന്യമായി വിട്ടുനല്‍കുന്ന ഭൂമിയുടെ ആധാരം തണ്ടാംകോളി കുഞ്ഞിമൊയ്തു പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫയ്ക്ക് കൈമാറി. കെ. മനാഫ് അധ്യക്ഷതവഹിച്ചു. സൗദ അബ്ദുല്ല, ടി.എച്ച്. മുസ്തഫ, സുനില്‍ദാസ്, എ.എച്ച്. റംഷീന, നവാസ് പെരുമ്പടപ്പ്, തേജസ് കെ. ജയന്‍, അബ്ദുല്ല പാലപ്പെട്ടി, ജയപ്രകാശ്, പി. റാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Content Highlights: kunjimoythu donates land to built anganwadi for free
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..