1) കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ കണ്ടക്ടർ പി.ബി. പ്രാൺകുമാർ, ഡ്രൈവർ ബിനു ജോൺ, 2) പ്രതീകാത്മകചിത്രം
കൂത്താട്ടുകുളം: റോഡരുകിലെ ഓടയ്ക്കുള്ളിലേക്ക് മറിഞ്ഞ ഓട്ടോയ്ക്കടിയില്‍പ്പെട്ട് കിടന്നിരുന്നയാളുടെ ജീവന്‍ രക്ഷിച്ച കൂത്താട്ടുകുളം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഡ്രൈവര്‍ പണ്ടപ്പിള്ളി സ്വദേശി ബിനു ജോണും കണ്ടക്ടര്‍ അഞ്ചല്‍ സ്വദേശി പ്രാണ്‍കുമാറും മാതൃകയാകുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ 5.40-ന് കൂത്താട്ടുകുളത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയില്‍ കാക്കൂര്‍ കൂരാപ്പിള്ളി കവലയ്ക്കു സമീപം ഓട്ടോ അപകടത്തില്‍പ്പെട്ടത് ബസ് ഡ്രൈവര്‍ ബിനുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. പാല്‍ കയറ്റിയെത്തിയ ഗുഡ്‌സ് ഓട്ടോയുടെ ലൈറ്റുകള്‍ തെളിഞ്ഞും എന്‍ജിന്‍ ഓഫാകാത്ത നിലയിലുമായിരുന്നു. ബസ് നിര്‍ത്തി ബിനു രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. കണ്ടക്ടര്‍ പ്രാണ്‍കുമാറും യാത്രക്കാരും ഒപ്പമെത്തി.
മറിഞ്ഞുകിടന്ന വാഹനത്തിന്റെ വാതിലിലും ഓടയിലുമായി ഓട്ടോ ഡ്രൈവര്‍ പാമ്പാക്കുട സ്വദേശി ബാബു (50) കുരുങ്ങിക്കിടക്കുകയായിരുന്നു. ഓട്ടോയുടെ മുന്‍ചക്രവും ഒരു പിന്‍ചക്രവും ഓടയ്ക്കുള്ളിലായിരുന്നു. ഓട്ടോ ഉയര്‍ത്തി അവശ നിലയിലായിരുന്ന ബാബുവിനെ പുറത്തെടുത്തു. മുഖത്തും കഴുത്തിലും മുറിവേറ്റ നിലയിലായിരുന്നു.
കെ.എസ്.ആര്‍.ടി.സി. ബസ് പരിക്കേറ്റയാളുമായി പിറവം താലൂക്ക് ആശുപത്രിയിലേക്ക് പാഞ്ഞു. ഉടന്‍തന്നെ അടിയന്തര ചികിത്സ നല്‍കി. ബസ് പിന്നീട് എറണാകുളത്തേക്ക് സര്‍വീസ് തുടര്‍ന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയ ഡ്രൈവര്‍ ബിനു, കണ്ടക്ടര്‍ പ്രാണ്‍കുമാര്‍ എന്നിവരെ കെ.എസ്.ആര്‍.ടി.സി. തൊഴിലാളികള്‍ അനുമോദിച്ചു.
Content Highlights: ksrtc driver and conductor saves life of auto driver
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..