
റാന്നി: ''ദൈവം ഭൂമിയിലവതരിക്കും... അങ്ങനെ കുറെ ദൈവങ്ങളെ റാന്നി കെ.എസ്.ആര്.ടി.സി. സെന്ററില്‍ കാണാന്‍ എനിക്ക് ഭാഗ്യം കിട്ടി. ഒരുപാടു നന്ദി.'' വെച്ചൂച്ചിറ പോളിടെക്നിക് കോളേജിലെ ബയോ മെഡിക്കല്‍ അവസാനവര്‍ഷ വിദ്യാര്‍ഥിനി അടൂര്‍ മണക്കാലാ അന്തിക്കാട് സ്വദേശിനി സാന്ദ്രാ ശിവരാമന് നവമാധ്യമങ്ങളില്കുറിച്ച വാക്കുകളാണിത്.
അവസാനവര്‍ഷത്തെ പരീക്ഷയ്ക്ക് കോളേജിലെത്താന്‍ ഒരുവഴിയുമില്ലാതെ കണ്ണീരുമായിനിന്ന തന്നെ ബൈക്കില്‍ കൃത്യസമയത്ത് കോളേജിലെത്തിച്ച കെ.എസ്.ആര്.ടി.സി. കണ്ടക്ടര്‍ സതീഷ് കുമാറിനെയും അവിടെയുണ്ടായിരുന്നവരെയുമാണ് സാന്ദ്ര ദൈവതുല്യരെന്ന് വിശേഷിപ്പിച്ചത്. വിഷമിച്ചുനിന്ന പെണ്‍കുട്ടിയെ ഞാന്‍ സഹായിച്ചു. അത്രേയുള്ളൂ എന്നാണ് പെരുന്തേനരുവി ബസിലെ കണ്ടക്ടര്‍ ആങ്ങമൂഴി കിടങ്ങില്‍ സതീഷ്കുമാറിന്റെ പ്രതികരണം.
എന്നാല്‍, സാന്ദ്രയ്ക്കത് നിസ്സാരമായിരുന്നില്ല. ഒരു പരീക്ഷയെഴുതാത്തതിനാല് ഉണ്ടാകുമായിരുന്ന തോല്‍വി സാന്ദ്രയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചേക്കുമായിരുന്നു. സഹായിച്ചവരോടുള്ള സ്നേഹവു നന്ദിയും ഹൃദയത്തില്‍ കുറിച്ചിട്ട വാക്കുകളാണ് സാന്ദ്ര നവമാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്. പിന്നീട് തിരക്ക് സതീഷിനായി. അഭിനന്ദനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സാന്ദ്ര പരീക്ഷ എഴുതാനെത്തിയത്. ലോക്ഡൗണ്‍ കാരണം ബസുകള്‍ കുറവായിരുന്നു. റോഡുപണി കാരണം ബസ് കുറെ ചുറ്റി വന്നതിനാലും റാന്നിയിലെത്തിയപ്പോള്‍ സമയം ഒരുമണി കഴിഞ്ഞു. രണ്ടിനാണ് പരീക്ഷ. കെ.എസ്.ആര്.ടി.സി. ബസുകള്‍ മാത്രമാണ് റാന്നിയില്‍നിന്നു വെച്ചൂച്ചിറയിലേക്കുള്ളത്. ഓപ്പറേറ്റിങ് സെന്ററിലെത്തി അടുത്ത ബസിന്റെ സമയം അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. 3.10-ന് മാത്രമേ ഇനി ബസുള്ളൂ. ബസ് ചാര്‍ജ് മാത്രമാണ് കൈയ്യിലുണ്ടായിരുന്നത്. മറ്റ് വഴികളൊന്നുമില്ലാത്തതിനാല്‍ മടങ്ങാന്‍ തീരുമാനിച്ചു.
ബസില്ലെന്നും മടങ്ങിവരുകയാണെന്നും വീട്ടിലേക്ക് വിളിച്ചറിയിച്ചപ്പോഴേക്കും കരഞ്ഞുപോയി. അപ്പോള്‍ വിവരം തിരക്കിയവര്‍ പല മാര്‍ഗങ്ങളും പറഞ്ഞെങ്കിലും നടപ്പിലാകുന്നവയായിരുന്നില്ല. കെ.എസ്.ആര്.ടി.സി.ജീവനക്കാര്‍ കൂടിനിന്ന് എന്തോ ആലോചിക്കുന്നുണ്ടായിരുന്നു. തന്റെ കാര്യമാണെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ബൈക്ക് നല്‍കാം, ആര്‍ക്കെങ്കിലും കൊണ്ടുവിടാമോയെന്ന് സ്റ്റേഷന് ഇന്‍ചാര്‍ജ് മോഹന്‍കുമാര്‍ ചോദിച്ചു.
അവധിയിലായിരുന്ന പെരുന്തേനരുവി ബസിലെ കണ്ടക്ടര്‍ സതീഷ് ഉടന്‍ തയ്യാറാവുകയും 18 കിലോമീറ്ററോളം ദൂരെയുള്ള കോളേജില്‍ കൃത്യസമയത്ത് സാന്ദ്രയെ എത്തിക്കുകയുമായിരുന്നു.
സതീഷിന്റെ ഫോട്ടോയുമെടുത്ത് ഫോണ്‍ നമ്പറും വാങ്ങി പരീക്ഷാഹാളിലേക്ക് ഓടിക്കയറിയ സാന്ദ്ര ഇറങ്ങിയ ഉടന്‍ തന്നെ സഹായിച്ച ദൈവദൂതനെ വിളിച്ച് നന്ദി അറിയിച്ചു. പിന്നീട് സാന്ദ്ര വിളിക്കുമ്പോഴാണ് ഒമ്പതാം ക്ലാസുകാരിയായ തന്റെ മകളുടെ പേര് തന്നെയാണ് സഹായിച്ച വിദ്യാര്ഥിനിയുടേതെന്നും സതീഷറിയുന്നത്.
content highlights: ksrtc conductor helps student to reach exam centre
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..