ഗർഭിണിയായ യുവതിയെ ആത്മഹത്യാശ്രമത്തിൽനിന്ന് രക്ഷിച്ച സംഭവം വിവരിക്കുന്ന കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ആർ.പി. അനൂപ് കൃഷ്ണ. രക്ഷാസംഘത്തിലുണ്ടായിരുന്ന എസ്.ഐ. എം.എ. നവാസ്,എ.എസ്.ഐ. ബിനു രവീന്ദ്രൻ,സിവിൽ പോലീസ് ഓഫീസർ എസ്. സുരേഷ് തുടങ്ങിയവർ സമീപം
കുമരകം: അവളുടെയുള്ളില്‍ ഒരുജീവന് തുടിക്കുന്നുണ്ടായിരുന്നു. ആ കുഞ്ഞു ജീവനെപ്പോലും മറന്ന് സ്വയം ജീവനൊടുക്കാനായിരുന്നു അവളുടെ തീരുമാനം. കഴുത്തില്‍ ചുറ്റിയ തുണി ഒരുകൊലക്കയറായി മാറാന്‍ നിമിഷങ്ങള്‍മാത്രം മതിയായിരുന്നു. ഒരുനിയോഗംപോലെ അവിടെയെത്തിയ പോലീസ് സംഘം അവളെ ജീവിതത്തിലേക്ക് തിരികെയിറക്കി. പോലീസിന്റെ മനസ്സാന്നിധ്യം രണ്ടുജീവന്‍ കാത്തു. വാഹനപരിശോധന നടത്തുകയായിരുന്ന കോട്ടയം വെസ്റ്റ് പോലീസ് സംഘത്തിന്റെ അവസരോചിതമായ ഇടപെടലാണ് ആത്മഹത്യാശ്രമത്തിനൊരുങ്ങിയ അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയുടെ ജീവന് രക്ഷിച്ചത്.
കഴിഞ്ഞദിവസം കോട്ടയം-കുമരകം റോഡില്‍ ഇല്ലിക്കല്‍ ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്നു കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് എസ്.ഐ. എം.എ.നവാസും സംഘവും. മരുമകന് മദ്യപിച്ചെത്തി ഗര്‍ഭിണിയായ മകളെ ദേഹോപദ്രവം ചെയ്യുന്നെന്നും തനിയെ മകളുടെ വീട്ടിലേക്ക് പോകാന്‍ ഭയമായതിനാല്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് അച്ഛന് സ്റ്റേഷനിലേക്ക് വിളിച്ചവിവരം പോലീസ് സ്റ്റേഷനില്‍നിന്ന് ഇവര്‍ക്ക് കൈമാറി. ഒരുനിമിഷം പാഴാക്കാതെ പോലീസ് സംഘം സ്ഥലത്തേക്ക് കുതിച്ചു.എ.എസ്.െഎ. ബിനു രവീന്ദ്രന്, സിവില്‍പോലീസ് ഓഫീസര്‍ എസ്.സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രധാന റോഡില്‍നിന്ന് 100 മീറ്റര്‍ ഉള്ളിലായിരുന്ന ആ വീട്. വീട്ടിലെത്തി വിളിച്ചെങ്കിലും ആരും കതക് തുറന്നില്ല. സ്റ്റേഷനില്‍ വിവരം അറിയിച്ച ആളെ വിളിച്ചപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. വീടിനകത്ത് ടി.വി. പ്രവര്‍ത്തിക്കുന്ന ശബ്ദംകേട്ടതിനാല്‍ കതക് തള്ളിത്തുറന്ന് പോലീസ് അകത്തുകയറി. വീടിനുള്ളില്‍നിന്ന് ഞരക്കംകേട്ട് അതിവേഗം മുറിക്കകത്തെത്തിയ പോലീസ് ഫാനില്‍ തൂങ്ങിയാടുന്ന യുവതിയെയാണ് കണ്ടത്.
എ.എസ്.ഐ. ബിനു രവീന്ദ്രനും സിവില്‍പോലീസ് ഓഫീസര്‍ എസ്.സുരേഷും ചേര്‍ന്ന് യുവതിയെ താങ്ങി ഉയര്‍ത്തിനിര്‍ത്തി. കഴുത്തില്‍ മുറുകിയ തുണി ആദ്യം അഴിച്ചെടുക്കാന്‍ കഴിഞ്ഞില്ല. അടുത്ത മുറിയില്‍നിന്ന് കത്തിയെടുത്ത് ഷാള്‍ മുറിച്ചുമാറ്റി താഴെയിറക്കി. അബോധാവസ്ഥയിലായ യുവതിയെ എടുത്ത് പോലീസ് വാഹനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ യുവതിയുടെ ജീവന് രക്ഷിക്കാനായി. അതിവേഗ പോലീസ് നടപടിയിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് കോട്ടയം വെസ്റ്റ് പോലീസ്. സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോസ് മാത്യു, ബോബി സ്റ്റീഫന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..