കോട്ടത്തറ: താമസം പ്ലാസ്റ്റിക് ഷീറ്റുമേഞ്ഞ ഷെഡ്ഡിലാണെങ്കിലും ദേവകിക്കും ഭര്‍ത്താവ് രാഘവനും ഇനി കട്ടിലില്‍ അന്തിയുറങ്ങാം. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ പ്ലാസ്റ്റിക് ഷെഡ്ഡിലെ ഈറന്‍മാറാത്ത തണുത്തതറയിലാണ് ദേവകിയും ഭര്‍ത്താവ് രാഘവനും അന്തിയുറങ്ങുന്നത്.
 
ആറുവര്‍ഷം മുമ്പാണ് ദേവകിക്ക് വീട് പണിയാന്‍ കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് ഫണ്ടനുവദിച്ചത്. എന്നാല്‍ ഇരുവരും രോഗികളായതിനാല്‍ ഫണ്ട് യഥാസമയം വാങ്ങിച്ചെടുക്കാനോ വീട് നിര്‍മാണം പൂര്‍ത്തിയാക്കാനോ ഇവര്‍ക്ക് കഴിഞ്ഞില്ല.

അതുകൊണ്ടുതന്നെ വര്‍ഷങ്ങളായി താമസിക്കുന്ന ഓലയും പ്ലസ്റ്റിക് ഷീറ്റുകളും ഉപയോഗിച്ചുണ്ടാക്കിയ ഷെഡ്ഡില്‍ നിന്ന് ഇവര്‍ക്ക് മോചനം ലഭിച്ചില്ല. അഞ്ച് സെന്റ് ഭൂമിയിലാണ് ഷെഡ്ഡ് സ്ഥിതിചെയ്യുന്നത്. ഭക്ഷണം പാകംചെയ്യുന്നതും പാത്രങ്ങളും വിറകുകളും സൂക്ഷിക്കുന്നതും ഉറങ്ങുന്നതും ഈ കൊച്ചുഷെഡ്ഡിലാണ്.
 
ഒരു മൂലയില്‍ പായവിരിച്ചാണ് ഉറക്കം. ഇവര്‍ക്ക് മക്കളുമില്ല. നിലവിലുള്ള നിയമപ്രകാരം വീടിന് ഇനിയും ഫണ്ട് ലഭിക്കണമെങ്കില്‍ കാലമേറെക്കഴിയണം. ഇവരുടെ ദുരിതം നേരിട്ട് മനസ്സിലാക്കിയ വാര്‍ഡ് അംഗം വി. അബ്ദുള്ളയാണ് ഇവര്‍ക്ക് ഒരു കട്ടില്‍ വാങ്ങിനല്‍കിയത്.