കോ‌ട്ടയ്ക്കൽ: നഗരസഭ ചോദിച്ചത് ഒരു പൂവായിരുന്നു; എന്നാൽ കൗൺസിലർ ലൈലാ റഷീദും ഭർത്താവ് റഷീദും ഒരു പൂക്കാലംതന്നെ നൽകി. പരിമിതികളാൽ കഷ്ടപ്പെടുന്ന കോട്ടൂരിലെ ആയുർവേദ ഡിസ്പൻസറി കുറച്ചുകൂടി സൗകര്യപ്രദമായി പ്രവർത്തിക്കാൻ ആവശ്യമായ സ്ഥലമാണ് നഗരസഭ ഇവരോടുചോദിച്ചത്. അതിനായി നൽകിയതോ കോട്ടൂർ-കാടാമ്പുഴ റോഡരികിലെ 75ലക്ഷത്തോളം വില വരുന്ന 30 സെന്റ് സ്ഥലം.

സർക്കാർ അനുമതി ലഭിക്കുകയാണെങ്കിൽ ആയുർവേദ ഡിസ്പെൻസറി ഹെൽത്ത് സെന്ററിന്റെ ഒരു സബ് സെന്ററായി മാറ്റി നാട്ടുകാർക്ക് അലോപ്പതി ചികിത്സകൂടി പ്രാപ്യമാക്കാൻ കഴിയുമെന്ന് ലൈല റഷീദ് പറയുന്നു. നഗരസഭയുടെ 21-ാം വാർഡ് കൗൺസിലറാണ് ലൈല റഷീദ്.

ഇപ്പോൾ ആയുർവേദ ഡിെസ്പൻസറി നിൽക്കുന്നതും റഷീദിന്റെ പിതാവ് കുഞ്ഞഹമ്മദ് ഹാജി വേളക്കാടൻ നൽകിയ സ്ഥലത്താണ്. എന്നാലിവിടെ സ്ഥല പരിമിതികളിൽ വീർപ്പുമുട്ടി ചികിത്സിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന 40 കിടക്കയുള്ള ആശുപത്രിയാണ് ഇപ്പോൾ കിട്ടിയ 30 സെന്റ് സ്ഥലത്ത് നിർമിക്കാൻ നഗരസഭ ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ കെ.കെ നാസർ പറഞ്ഞു. ആയുർവേദ ആശുപത്രിക്ക് ഒരുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങളോട് ഫണ്ട് ചോദിച്ചിട്ടുണ്ട്. മുൻസിപ്പാലിറ്റി ഫണ്ടും ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്നും കെ.കെ. നാസർ പറഞ്ഞു.

ലൈല-റഷീദ് ദമ്പതിമാർ സ്ഥലം നഗരസഭയ്ക്ക് കൈമാറിക്കഴിഞ്ഞു. നിലവിലെ ഡിസ്പെൻസറിയിൽത്തന്നെ പ്രതിമാസം നാല്‌ ലക്ഷം രൂപയുടെ മരുന്ന് നഗരസഭ രോഗികൾക്ക് നല്കുന്നുണ്ട്. കൂടുതൽ സൗകര്യമുള്ള ആശുപത്രി വരികയാണെങ്കിൽ നാട്ടുകാർക്ക് സൗജന്യമായി മെച്ചപ്പെട്ട ചികിത്സ ലഭിക്കുമല്ലോ എന്ന ചിന്തയാണ് സ്ഥലം വിട്ടുനൽകുന്നതിലേക്ക് നയിച്ചതെന്ന് റഷീദ് പറഞ്ഞു.

Content Highlights: kottakkal municipality councilor velakkadan laila husband rasheed given land for ayurveda hospital