കൊച്ചി: വ്യവസായിയും സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തകനുമായ വി.എസ്. രാമകൃഷ്ണന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ 28 യുവതികളുടെ സമൂഹവിവാഹം നടന്നു. എസ്.എന്‍ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന ഭക്ഷ്യ, പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു.

ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ ആശംസകളര്‍പ്പിച്ചു. പത്തു വര്‍ഷം മുമ്പ് വി. എസ്. രാമകൃഷ്ണന്റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ ഇതേ വേദിയില്‍ സംഘടിപ്പിച്ച സമൂഹവിവാഹത്തില്‍ സംബന്ധിക്കാനായത് അധ്യക്ഷ പ്രസംഗത്തില്‍ വെള്ളാപ്പള്ളി നടേശന്‍ അനുസ്മരിച്ചു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാനാജാതി മതസ്ഥരായ യുവതികള്‍ക്കാണ് രാമകൃഷ്ണന്റെ സപ്തതിയോടനുബന്ധിച്ച് മംഗല്യഭാഗ്യം ലഭിച്ചത്. രണ്ടു ദിവസമായി നടന്ന പരിപാടികളില്‍ പ്രൊഫ. എം.കെ. സാനു, പ്രൊഫ. കെ.വി. തോമസ് എം.പി., എം.എല്‍.എ. മാരായ ഒ. രാജഗോപാല്‍, ഹൈബി ഈഡന്‍, പി.ടി. തോമസ്, എം. സ്വരാജ്, കൊച്ചി മേയര്‍ സൗമിനി ജയിന്‍, സി.ഐ.ടി.യു. ദേശീയ ജനറല്‍ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള, മുന്‍മന്ത്രി കെ. ബാബു, ഗോകുലം ഗോപാലന്‍, സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

സപ്തതിയുടെ ഭാഗമായി നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം എച്ച്.എം.ടി. കോളനിയിലെ ശാന്തയ്ക്കു നല്‍കി ബീനാ കണ്ണന്‍ നിര്‍വഹിച്ചു. ഇതിനു പുറമെ വീട് നിര്‍മാണ സഹായ വിതരണവും ചികിത്സാസഹായ വിതരണവും ആയിരം ഡയാലിസിസിനുള്ള സഹായ വിതരണ പ്രഖ്യാപനവും ചടങ്ങിന്റെ ഭാഗമായി നടന്നു.