• കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഒരുക്കിയ പൂരപ്പറമ്പിലെ നാടൻ ചായക്കട
ഗുരുവായൂർ: അവർ മുന്നൂറോളം കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും വീടിനു പുറത്തേക്കിറങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു. അവർക്കും പുറത്തെ ആഘോഷങ്ങൾ കാണണ്ടേ... ആ ചിന്തയെത്തിയത് വലിയൊരു ആഘോഷത്തിലേക്കായിരുന്നു. കണ്ടാണശ്ശേരി പഞ്ചായത്തിന്റെ ‘സാന്ത്വനം’ പരിപാടി, കിടപ്പുരോഗികൾക്ക് മനസ്സ് തുറക്കാനുള്ള വേദിയായി മാറി. കാലങ്ങളായി കാണാതിരുന്ന ആഘോഷങ്ങളെല്ലാം അവർക്കു മുന്നിലെത്തിച്ചു. പൂരവും പെരുനാളും ചെറുരീതിയിലാണെങ്കിലും മനംനിറഞ്ഞാസ്വദിച്ചു.
പെരുനാളിനെ ഇഷ്ടപ്പെടുന്നവർക്ക് ബാൻഡ് സെറ്റ്. പൂരവും വേലയും ആഗ്രഹിച്ചവർക്ക് മേളം മുതൽ നാടൻപാട്ടുകളും തിരുവാതിരക്കളിയും കൈക്കൊട്ടിക്കളിയും തുടങ്ങി ഗാനമേളയുംവരെ ഒരുക്കി. കുടുംബശ്രീ വനിതകളുടെ നൃത്തവും പാട്ടും വേറെ.
ഇതിനെല്ലാം പുറമേ, ഓലകൊണ്ടുള്ള മറയും പഴയ സിനിമാപോസ്റ്ററും അലങ്കരിച്ച ചായക്കടയും. പഴയ ചായക്കടക്കാരൻ ചന്ദ്രേട്ടനെത്തന്നെ ചായയുണ്ടാക്കാൻ കൊണ്ടുവന്നു. ആളുകൾ താങ്ങിയും വീൽച്ചെയറിലുമെത്തിയ വയോജനങ്ങളുടെ മനസ്സ് ചായക്കടയിലേക്കുകൂടിയായിരുന്നു. അവർക്കായി കിണ്ണത്തപ്പം മുതൽ കാരയ്ക്കാ മിഠായിവരെ ഒരുക്കിവെച്ചിരുന്നു.
എഴുപതു പിന്നിട്ട ആളൂരിലെ വിശ്വംഭരനും കണ്ടാണശ്ശേരിയിലെ വള്ളിയമ്മയ്ക്കും സാന്ത്വനചികിത്സയിൽക്കഴിയുന്ന ഉമ്മറിനും ചായക്കട അനുഭവം മറക്കാനാകാത്തതായി. മറ്റം കനിഷ്മ ഹാളിലും പരിസരത്തുമായാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ.എസ്. ധനൻ, ഡോ. ടി.കെ. സുബി, ബിഞ്ചു ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപടികൾ കൂടാതെ വയോജനങ്ങൾക്കായി വിവിധ മത്സരങ്ങളും സമ്മാനദാനവും കൂടിയായപ്പോൾ സംഗമം രാത്രിവരെ നീണ്ടു.
Content Highlights: kandanassery panchayath santhwanam program
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..