കല്യാണി മക്കളായ പ്രണവിനും പത്മേശ്വരിക്കുമൊപ്പം
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് പൂണെ ഹവേലി സ്വദേശി കല്യാണി ശർമ്മ നാട്ടിലേക്ക് മടങ്ങി. 3 വർഷം മുമ്പാണ് മറവിരോഗമുള്ള കല്യാണി വഴിതെറ്റി പുണെയില്‍നിന്ന് കോഴിക്കോടെത്തിയത്. മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന കല്യാണിയെ മക്കൾ എത്തിയാണ് നാട്ടിലേക്ക് കൊണ്ടുപോയത്. കഴിഞ്ഞു പോയതൊന്നും വ്യക്തമായി ഓർമ്മയില്ലെങ്കിലും മക്കളായ പ്രണവിനേയും പത്മേശ്വരിയേയും ദൂരെ നിന്നും കണ്ടപ്പോഴേ കല്യാണി തിരിച്ചറിഞ്ഞു. വർഷങ്ങൾക്ക് ശേഷം അമ്മയെ കണ്ടപ്പോൾ മക്കൾക്കും ഏറെ സന്തോഷം.
2019 ലാണ് പൂണെ ഹവേലിയിലെ വീട്ടിൽ നിന്ന് കല്യാണി ശർമ്മയെ കാണാതായത്. വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ശേഷം കാര്യമായ മറവിയുണ്ടായിരുന്നു കല്യാണിയ്ക്ക്. എങ്കിലും നാട്ടിലെ തീർത്ഥാടകേന്ദ്രങ്ങളിൽ കല്യാണി പോവാറുണ്ടായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് അമ്മ തിരിച്ച് വരാതായതോടെ മക്കൾ പോലീസിൽ പരാതി നൽകി. സുഹൃത്തുക്കളുടെ സഹായത്തോടെയും അന്വേഷിച്ചു. ചെല്ലാൻ സാധ്യതയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലെല്ലാം കാണാനില്ലെന്ന് കാണിച്ച് ഫോട്ടോ സഹിതം നോട്ടീസ് പതിച്ചു. പക്ഷെ ഒന്നും ഫലം കണ്ടില്ല. അമ്മ തിരിച്ച് വരുമെന്ന പ്രതീക്ഷയിൽ ദിവസങ്ങൾ കഴിച്ച് കൂട്ടുന്നതിനിടെയാണ് കല്യാണി കേരളത്തിൽ ഉണ്ടെന്നും കോഴിക്കോട്ട് ആണെന്നും ഇവർക്ക് വിവരം ലഭിച്ചത്.
മൂന്നുദിവസം മുമ്പ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെത്തിയ സാമൂഹ്യ പ്രവർത്തകനായ എം ശിവനാണ് മക്കൾക്ക് കല്യാണിയെ തിരിച്ച് കിട്ടാൻ നിമിത്തമായത്. കല്യാണിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മഹാരഷ് ട്രായിലെ ഹവേലിയാണ് സ്വദേശം എന്ന് മനസ്സിലാക്കിയ ശിവൻ ഹവേലി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കല്യാണിയെ കാണാനില്ലെന്ന് കാണിച്ച് മക്കൾ നൽകിയ പരാതി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നതിനാൽ ബന്ധുക്കളെ പോലീസ് എളുപ്പം കണ്ടെത്തി. പിന്നീട് ശിവനോടും ആശുപത്രി അധികൃതരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അമ്മയെ കൊണ്ട് പോവാൻ മക്കൾ കോഴിക്കോട്ട് എത്തുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..