കോട്ടപ്പുറം സെയ്ന്റ് മൈക്കിൾസ് കത്തീഡ്രൽ പാരീഷ് ഹാളിലെ 'ജോസഫിന്റെ കട'
കൊടുങ്ങല്ലൂര്‍: കരുതലിന്റെ കരം നീട്ടി 'ജോസഫിന്റെ കട' നൂറാം ദിവസത്തിലേക്ക്. കോവിഡ് വ്യാപകമായപ്പോള്‍ കോട്ടപ്പുറം സെയ്ന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ വികാരി ഫാ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തിലാണ് 'ജോസഫിന്റെ കട' എന്ന പേരില്‍ സൗജന്യ പച്ചക്കറി വിതരണം ആരംഭിച്ചത്.
പാരിഷ് ഹാളില്‍ ആരംഭിച്ച ഈ കടയില്‍നിന്ന് ഇതുവരെ 10 ലക്ഷത്തോളം രൂപയുടെ പച്ചക്കറികളാണ് ജാതി-മത വ്യത്യാസമില്ലാതെ ദുരിതബാധിതര്‍ക്കായി വിതരണം ചെയ്തത്.
മത്തന്‍, കുമ്പളം, കപ്പ, കായ, കാബേജ്, ചേന, ഉരുളക്കിഴങ്ങ്, പയര്‍, വെണ്ട, തക്കാളി, മുളക്, സവാള, ലഭ്യമാകുന്ന മുറയ്ക്ക് നാളികേരം എന്നിവ ഉള്‍പ്പെടെ 200 രൂപയോളം വിലവരുന്ന പച്ചക്കറി കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കോവിഡ് ബാധിതരായി വീടുകളില്‍ കഴിയുന്നവര്‍ക്കും സമൂഹ അടുക്കളയിലേക്കും ആവശ്യമായ പച്ചക്കറികളും എത്തിച്ചുകൊടുക്കുന്നു. നൂറുകണക്കിനാളുകള്‍ ഇവിടെയെത്തി പച്ചക്കറി കിറ്റുകള്‍ കൊണ്ടുപോവുകയും ചെയ്യും.
കത്തീഡ്രലിലെ തിരുനാളാഘോഷങ്ങളുടെ തിരക്കായതിനാല്‍ ഇപ്പോള്‍ വെള്ളിയാഴ്ചകളിലാണ് പച്ചക്കറി വിതരണം നടത്തുന്നത്.
നഗരസഭ കൗണ്‍സിലര്‍മാര്‍ അവരവരുടെ വാര്‍ഡുകളിലെ കോവിഡ് രോഗികള്‍ക്കും നിര്‍ധന കുടുംബങ്ങള്‍ക്കുമായി ജോസഫിന്റെ കടയില്‍ നിന്ന് കിറ്റുകള്‍ വാങ്ങി വിതരണം ചെയ്യുന്നുണ്ട്.
മുന്‍കൂട്ടി അറിയിക്കുന്നതിനനുസരിച്ച് പള്ളിയിലെ അല്മായ കൂട്ടായ്മ പ്രവര്‍ത്തകരാണ് ആവശ്യമായ കിറ്റുകള്‍ തയ്യാറാക്കിവയ്ക്കുന്നത്.
ജൂണ്‍ 11-നാണ് കട തുടങ്ങിയത്. ആദ്യനാളുകളില്‍ നിരവധി കര്‍ഷകര്‍ സൗജന്യമായി പച്ചക്കറികള്‍ എത്തിച്ചിരുന്നു. കിറ്റ് വിതരണം തുടരുന്ന സാഹചര്യത്തില്‍ നിരവധിപേരുടെ സാമ്പത്തിക സഹായവും എത്തുന്നുണ്ട്.
ഇതോടെ 'ജോസഫിന്റെ കട' ഇനിയും മുന്നോട്ട് പോകുമെന്ന ആത്മവിശ്വാസത്തിലാണ് നടത്തിപ്പുകാരായ ഫാ. വര്‍ഗ്ഗീസ് കാട്ടാശേരി, ഫാ. ടോണി പിന്‍ഹീറോ, കൈക്കാരന്‍മാര്‍, പാരിഷ് കൗണ്‍സില്‍, കുടുംബ യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍.
content highlights: josephinte kada-an initiative by kottappuram st michael's church
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..