ഹരിപ്പാട്: തീവണ്ടി വീടാക്കി അന്തിയുറങ്ങിയിരുന്ന ആര്‍ച്ചയ്ക്കും സഹോദരി ആതിരയ്ക്കും കുടുംബത്തിനും വീടൊരുങ്ങുന്നു. ക്ഷേത്രനഗരമായ ഏവൂരില്‍ ഇവരുടെ പേരില്‍ അഞ്ച് സെന്റ് സ്ഥലമായി. ഞായറാഴ്ച രാവിലെ സ്ഥലത്തിന്റെ രേഖകള്‍ കുടുംബത്തിന് കൈമാറും. 'മാതൃഭൂമി' വാര്‍ത്തയെത്തുടര്‍ന്ന് ഇവരുടെ സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയ നടി മഞ്ജു വാര്യരും ഈ സന്തോഷം പങ്കിടാനെത്തും.

ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിരവധി വ്യവസായസ്ഥാപനങ്ങളുള്ള ശ്രീവത്സം ഗ്രൂപ്പ്, നവീകരിച്ച ഹരിപ്പാട് ഷോറൂമിന്റെ സമര്‍പ്പണവുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് ഭൂമി നല്‍കുന്നത്. മഞ്ജു വാര്യര്‍ ഇവിടെ വീട് നിര്‍മിച്ച് നല്‍കും.

ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് വടക്ക് പഞ്ചവടി ജങ്ഷന് സമീപത്ത് ഇവര്‍ വാങ്ങിയ ഭൂമിയില്‍ തിങ്കളാഴ്ച രാവിലെ 10ന് ലളിതമായ ചടങ്ങിലാണ് രേഖ നല്‍കുന്നത്. ശ്രീവത്സം ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍മാരായ വരുണ്‍രാജ് പിള്ള, അരുണ്‍രാജ് പിള്ള എന്നിവര്‍ ചേര്‍ന്ന് വസ്തുവിന്റെ രേഖകള്‍ ആര്‍ച്ചയ്ക്കും ആതിരയ്ക്കും കൈമാറും. ചെയര്‍മാന്‍ രാജേന്ദ്രന്‍പിള്ളയും പങ്കെടുക്കും.

'തീവണ്ടിവീട്ടില്‍ തീ തിന്ന് ഈ കുടുംബം' എന്ന തലക്കെട്ടില്‍ ജൂണ്‍ 30നാണ് ആര്‍ച്ചയുടെയും കുടുംബത്തിന്റെയും ജീവിതം 'മാതൃഭൂമി' വാര്‍ത്തയാക്കിയത്. അന്തിയുറങ്ങാനിടമില്ലാത്ത ഇവര്‍, വൈകുന്നേരം ഹരിപ്പാട്ടുനിന്ന് എറണാകുളംവരെ തീവണ്ടികള്‍ മാറിക്കയറി നേരം വെളുപ്പിക്കുന്നത് അമ്പരപ്പോടെയാണ് പൊതുസമൂഹം വായിച്ചത്.

നടി മഞ്ജു വാര്യര്‍ അന്നുതന്നെ ഇവര്‍ക്ക് വാടകവീട് എടുത്തുനല്‍കി. സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ ഇടപെട്ട് കുട്ടികളുടെ അമ്മ രമ്യയ്ക്ക് ഹരിപ്പാട്ടെ കണ്‍സ്യൂമര്‍ ഫെഡ് വിപണനകേന്ദ്രത്തില്‍ ജോലിയും നല്‍കി.

പ്രതിപക്ഷ നേതാവ് നാലുലക്ഷം നല്‍കും
ഹരിപ്പാട്:
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് കമ്മിറ്റി (ഒ.ഐ.സി.സി.) ആര്‍ച്ചയ്ക്കും ആതിരയ്ക്കും നാലുലക്ഷം രൂപ നല്‍കും. 'മാതൃഭൂമി' വാര്‍ത്തയെത്തുടര്‍ന്ന് സംഘടനയുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് വീട് നിര്‍മിക്കാന്‍ സ്ഥലം നല്‍കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു. വേറെ സ്ഥലം ലഭിച്ചതിനാല്‍ അതിനായി മാറ്റിവച്ച തുക കുട്ടികളുടെ പേരില്‍ സ്ഥിരനിക്ഷേപമാക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. അടുത്തയാഴ്ച ഇതിന്റ രേഖകള്‍ കൈമാറും.