ഹരിപ്പാട്: വണ്ടിയില്‍നിന്ന് മണല്‍ ഇറക്കാനും സിമന്റ് ചുമക്കാനും പരിസരം വൃത്തിയാക്കാനും അവര്‍ക്ക് മടിയില്ല. കൈയുറയും ഷൂസുമിട്ട് മഴയത്തും ജോലി. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് ഹരിപ്പാട്ടെത്തിയ വിദ്യാര്‍ഥിസംഘമാണ് നാട്ടിന്‍പുറത്തെ സ്‌കൂളില്‍ സേവനം നടത്തുന്നത്. പഠനത്തിന്റെ ഭാഗമായുള്ള ജോലികൂടിയാണിത്.

പെര്‍ത്തിലെ ചര്‍ച്ച് ലേഡി സീനിയര്‍ ഹൈസ്‌കൂളില്‍നിന്നുള്ള 51 അംഗ വിദ്യാര്‍ഥിസംഘമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ആറ് അധ്യാപകരും മൂന്ന് വിദഗ്ധരും ഇവര്‍ക്കൊപ്പമുണ്ട്. കുട്ടികള്‍ മൂന്ന് സംഘമായി പിരിഞ്ഞ് മൂന്ന് സ്‌കൂളില്‍ ജോലിചെയ്യുകയാണ്. നവംബര്‍ 29-നാണ് സംഘം ഓസ്‌ട്രേലിയയില്‍നിന്ന് തിരിച്ചത്.

റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ടൗണ്‍ മുസ്ലിം എല്‍.പി.സ്‌കൂളില്‍ ഇവര്‍ സേവനം നടത്തുന്നു. സ്‌കൂളില്‍ ശൗച്യാലയം തയ്യാറാക്കുകയാണ്. നങ്ങ്യാര്‍കുളങ്ങര, അകംകുടി, താമല്ലാക്കല്‍, മുണ്ടപ്പള്ളി, മഹാദേവികാട് എന്നിവിടങ്ങളിലെ സ്‌കൂളുകളിലും ഈ വിദ്യാര്‍ഥികളെത്തും.

മൂന്നാഴ്ചയാണ് ഇവര്‍ കേരളത്തിലുണ്ടാകുന്നത്. ഓരോ ദിവസവും ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് ഇവര്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശൗച്യാലയം നിര്‍മാണത്തിന് പ്രാദേശിക തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍, സാധനങ്ങള്‍ സ്‌കൂളിലെത്തിക്കുന്നതും സിമന്റ് കൂട്ടുന്നതും ഉള്‍പ്പെടെയുള്ള ജോലികളെല്ലാം ഇവര്‍തന്നെയാണ് ചെയ്യുന്നത്.

സ്‌കൂളിലെ കുട്ടികളോടൊപ്പം കളിക്കാനും അവരെ പഠിപ്പിക്കാനും ഒഴിവുനേരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഓസ്‌ട്രേലിയന്‍ സംഘം മറക്കുന്നില്ല.

ടൗണ്‍ മുസ്ലിം എല്‍.പി.എസിലെ സേവനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സംഘാംഗം സൂസന്‍ ഡോണ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ബി.രാജേഷ് അധ്യക്ഷനായി.

വി. രാമചന്ദ്രന്‍ നായര്‍, നഗരസഭാ കൗണ്‍സിലര്‍ ലേഖാ അജിത്, ശ്രീദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.