കൈ മാറ്റിെവക്കൽ ശസ്ത്രക്രിയ നടത്തിയ ബാസവണ്ണയ്ക്കൊപ്പം ശസ്ത്രക്രിയ കാത്തിരിക്കുന്ന അമരേഷ് അനമപ്പയും അമൃതയിൽ ആദ്യ ശസ്ത്രക്രിയയ്ക്ക് വിധേയനായ ടി.ആർ. മനുവും
കൊച്ചി: നേവിസിന്റെ കൈകളുമായി വെള്ളിയാഴ്ച ആശുപത്രിയിൽനിന്ന് ബാസവണ്ണ ഗൗഡ മടങ്ങും. സെപ്റ്റംബർ 25-ന് എറണാകുളം അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് ബാസവണ്ണയിൽ നേവിസിന്റെ കൈകൾ തുന്നിച്ചേർത്തത്. സെന്റർ ഫോർ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. മോഹിത് ശർമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
അമൃത ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയ ഒമ്പതാമത്തെ കൈ മാറ്റിവെക്കൽ ശസ്ത്രക്രിയയാണിത്. കർണാടക ബെല്ലാരി സ്വദേശിയാണ് 34-കാരനായ ബാസവണ്ണ ഗൗഡ. റൈസ് മില്ലിൽ ബോയ്ലർ ഓപ്പറേറ്ററായിരുന്നു. 2011 ജൂലായിൽ ജോലി സ്ഥലത്തുവെച്ച് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് ഇരു കൈകളും മുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വന്നു.
കോട്ടയം വടവാതൂർ സ്വദേശി നേവിസിനെ സെപ്റ്റംബർ 16-ന് അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്നാണ് ആശുപത്രിയിലാക്കിയത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതായിരുന്നു പ്രശ്നം. തുടർന്ന് രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയും 25-ന് മരിക്കുകയും ചെയ്തു. നേവിസിന്റെ കൈകൾ അന്നുതന്നെ ബാസവണ്ണ ഗൗഡയിൽ തുന്നിച്ചേർക്കുകയായിരുന്നു.
കൈകളുടെ ദാനം ചെയ്യൽ കുറവ്
'കേരളത്തിൽ കൈകൾ ദാനം ചെയ്യുന്നത് കുറവാണ്. ശസ്ത്രക്രിയയുടെ ആദ്യ അഞ്ചുദിവസം നിർണായകമാണ്, അതിനുശേഷമേ ശസ്ത്രക്രിയ വിജയമാണോ എന്ന് തീരുമാനിക്കാൻ കഴിയൂ. ശസ്ത്രക്രിയയ്ക്ക് ഏകദേശം 20 ലക്ഷം രൂപയോളമാണ് ചെലവ്. തുടർ ചികിത്സയ്ക്ക് മാസം 20,000 രൂപ ചെലവു വരും. ശസ്ത്രക്രിയയ്ക്കു ശേഷം ഒന്നര വർഷത്തോളം ഫിസിയോതെറാപ്പിയും മറ്റും വേണ്ടിവരും.
- ഡോ. സുബ്രഹ്മണ്യ അയ്യർ, സെന്റർ ഫോർ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..