ഗുരുവായൂര്‍: കരുണാ ഫൗണ്ടേഷന്‍ ഒരുക്കിയ സമൂഹവിവാഹവേദിയില്‍ 22 പേര്‍ വിവാഹിതരായി. കാഴ്ചയില്ലാത്തവരും ശാരീരിക വൈകല്യമുള്ളവരും സംസാരശേഷിയില്ലാത്തവരുമായ വിവിധ ജില്ലകളില്‍നിന്നുള്ള യുവതീയുവാക്കളാണ് പുതുജീവിതത്തിലേയ്ക്ക് പ്രവേശിച്ചത്.

ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ ഞായറാഴ്ച നടന്ന വിവാഹച്ചടങ്ങും തുടര്‍ന്നുള്ള സദ്യയും നവദമ്പതിമാര്‍ക്ക് ആശംസ നേര്‍ന്നുള്ള സംഗീത വിരുന്നുമെല്ലാം ഹൃദയസ്​പര്‍ശിയായി. രാവിലെ ടൗണ്‍ഹാള്‍ കവാടത്തില്‍നിന്ന് ദമ്പതിമാരെ കതിര്‍മണ്ഡപത്തിലേയ്ക്ക് ആനയിച്ചു. നാഗസ്വരവും പുഷ്പവൃഷ്ടിയും നിലവിളക്കും താലവും അകമ്പടിയായി.

കാരുണ്യപ്രവര്‍ത്തകനും ജ്യോതി ലബോറട്ടറീസ് എം.ഡി.യുമായ എം.പി. രാമചന്ദ്രന്‍ വിവാഹച്ചടങ്ങിന് ദീപം തെളിയിച്ചു. മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ ഷിജുവിനും സിമിക്കും താലിമാലയും മോതിരവും പൂമാലയും കൈമാറിക്കൊണ്ടായിരുന്നു ഉദ്ഘാടനം.

കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. മുഖ്യാതിഥിയായി. കരുണ ചെയര്‍മാന്‍ ഡോ.കെ.ബി. സുരേഷ് അധ്യക്ഷനായി. സെക്രട്ടറി രവി ചങ്കത്ത് നവദമ്പതിമാരെ പരിചയപ്പെടുത്തി. അയിനിപ്പുള്ളി വിശ്വനാഥന്‍ വിവാഹത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

സായ് നിവാസ് രവീന്ദ്രനും മൈന രവീന്ദ്രനും പുടവ കൈമാറി. ഓരോ മതത്തില്‍പ്പെട്ടവര്‍ക്കും അതത് ആചാരപ്രകാരം ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്‍. ബാബു, ആന്റോ തോമസ്, വേണു പ്രാരത്ത്, സി.കെ. ശ്രീനിവാസന്‍, ഫാരിദ ഹംസ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കരുണ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ആറാമത് സമൂഹവിവാഹമാണിത്. കരുണയുടെ ആദ്യ സമൂഹവിവാഹത്തിലൂടെ ജീവിതപങ്കാളികളായ ചിറ്റാട്ടുകര വടക്കൂട്ട് റെജിയും ലിയയും രണ്ടുവയസ്സു പ്രായമുള്ള കുഞ്ഞ് റയാണിനെയുംകൊണ്ട് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.