കോട്ടയ്ക്കല്‍:  ഹിന്ദുസ്ഥാനി സംഗീതത്തിന് മലപ്പുറത്ത് ഒരു സംഗീത അക്കാദമി. 

മനുഷ്യത്വമാണ് തന്റെ മതമെന്ന് വിശ്വസിക്കുന്ന ഗുരു സുല്‍ത്താന്‍ ബാ കാജാ മുഈനുദ്ദീന്‍ ആറ്റക്കോയ തങ്ങള്‍ക്ക് ശിഷ്യന്‍ നല്‍കിയ ഗുരുദക്ഷിണ. അതാണ്  പടപ്പറമ്പ് കമ്പനിപ്പടിക്കടുത്തുള്ള 'ശൈഖ് ബാ കാജാ മുഈനുദ്ദീന്‍ സംഗീത അക്കാദമി'. 

പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല; മാനവികതയ്ക്കും സംഗീതത്തിനും സമൂഹത്തില്‍ ഏറെ പ്രാധാന്യമുണ്ടെന്ന തിരിച്ചറിവു തന്നെയാണ് ഗുരുവിന്റെ മരണശേഷം  സംഗീത അക്കാദമി തുടങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അതുകൊണ്ടുതന്നെ പേരുവെളിപ്പെടുത്താന്‍ ഈ ശിഷ്യന്‍ തയ്യാറുമല്ല.   
 
സ്ഥാപിതമായി മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ പുതിയ ദൗത്യത്തിന് ഒരുങ്ങുകയാണ് ശിഷ്യനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സംഗീതപ്രേമികളും. മൂന്നുകോടിയോളം വിലവരുന്ന പുസ്തകങ്ങളുടെ വലിയ ശേഖരവുമായുള്ള ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍  അടുത്തമാസം 27ന്  പ്രവര്‍ത്തനം ആരംഭിക്കും. 2013ല്‍ തുടങ്ങിയ അക്കാദമിയോടുചേര്‍ന്ന്  2300 ചതുരശ്ര അടിയില്‍ പണിത  ലൈബ്രറി മലപ്പുറത്തെ ഏറ്റവുംവലിയ ലൈബ്രറിയായിരിക്കും. 

സൂഫിസം, ഇന്ത്യന്‍ സംസ്‌കാരം, ഫിലോസഫി, സംഗീതം, ചരിത്രം തുടങ്ങി വിവിധമേഖലകളില്‍  ഗവേഷണം നടത്താനുതകുന്ന പുസ്തകങ്ങളാണ് ലൈബ്രറിയില്‍ ഉണ്ടാവുക. സിവില്‍സര്‍വീസ് മത്സരാര്‍ഥികള്‍ക്കുള്ള വിവിധ പുസ്തകങ്ങളും ഇവിടെയുണ്ടാകും. ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍  വായനക്കാര്‍ക്ക്  എത്തിച്ചുകൊടുക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
 
എ.സി, വൈഫൈ സൗകര്യങ്ങളോടെയായിരിക്കും    പ്രവര്‍ത്തനം. ഇതിനോടകം തന്നെ അമ്പതുലക്ഷത്തിന്റെ പുസ്തകങ്ങള്‍ എത്തിക്കഴിഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്നടക്കമുള്ള അക്കാദമിക് തല പുസ്തകങ്ങളും ലൈബ്രറിയില്‍ ലഭ്യമാവും. 

ഡോ. ഖദീജ മുംതാസ് ചെയര്‍പേഴ്സണും ഇ.എം. ഹാഷിം സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ആവശ്യമായ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അക്കാദമിയില്‍ സംഗീതപഠനത്തിനെത്തുന്നവര്‍ക്ക് ലൈബ്രറി ഏറെ സഹായകരമാവും. 

ഹിന്ദുസ്ഥാനി വായ്പാട്ട്, സിത്താര്‍, തബല എന്നീ വിഷയങ്ങളിലാണ് അക്കാദമിയില്‍ ക്ലാസുകള്‍ നടക്കുന്നത്. ഞായറാഴ്ചകളിലാണ് പഠനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സംഗീത അധ്യാപകരാണ് പഠനത്തിനെത്തുന്നവരില്‍ ഏറെയും. സെക്കന്‍ഡറി വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് പലരും ഇവിടെയെത്തുന്നത്. ഒപ്പം, ഹിന്ദുസ്ഥാനി വോക്കലില്‍ വിസ്മയംതീര്‍ക്കുന്ന ഹാരിസ് ഭായ് അടക്കമുള്ളവരുടെ ശിക്ഷണം നേടാനെത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. അദ്ദേഹത്തിന്റെ മകന്‍ റോഷന്‍ ഹാരിസ്, വിജയ് സൂര്‍സെന്‍ തുടങ്ങി ഹിന്ദുസ്ഥാനി സംഗീതത്തില്‍ പ്രഗല്ഭരായവരാണ് ക്ലാസെടുക്കുന്നത്. 

ഉസ്താദ് ഫയാസ് അഹമ്മദ്ഖാനാണ് അക്കാദമി ഉദ്ഘാടനംചെയ്തത്. ഗായകന്‍ വി.ടി. മുരളിയാണ് അക്കാദമിയുടെ ചെയര്‍മാന്‍. അഡ്വ. ടി.പി. രാമചന്ദ്രന്‍ സെക്രട്ടറിയാണ്. സെമിനാറുകള്‍, സംഗീതസദസ്സുകള്‍, വര്‍ക്ഷോപ്പുകള്‍ എന്നിവ അക്കാദമി സംഘടിപ്പിക്കാറുണ്ട്.  ഇതിനെല്ലാം പുറമെ അക്കാദമിയിലേക്കെത്തുന്നവര്‍ക്ക് പ്രാര്‍ഥിക്കാനായി ഒരു ആരാധനാലയവും പണികഴിപ്പിച്ചിട്ടുണ്ട്. ജാതി -മതഭേദമെന്യേ എല്ലാവര്‍ക്കും ഇവിടെ പ്രാര്‍ഥനാസൗകര്യവും  നല്‍കുന്നു.