പടിഞ്ഞാറത്തറ(വയനാട്): സഹജീവിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ നല്‍കിയ വയനാട് പടിഞ്ഞാറത്തറ നരിപ്പാറ കോളനിയിലെ ബാബുവിന്റെ വീട്ടില്‍ സാന്ത്വനവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മല കയറിയെത്തി. അളവറ്റ സ്‌നേഹത്തിന്റെ ഉദാത്തമായ മാതൃകയായ നിങ്ങളുടെ മകന്‍ ചെയ്തത് മഹത്തായ കാര്യമാണെന്നും ഒപ്പം അതൊരു തീരാവേദനകൂടിയാണെന്നും ബാബുവിന്റെ മാതാപിതാക്കളോട് മുഖ്യമന്ത്രിപറഞ്ഞു. ദരിദ്രാവസ്ഥയിലുള്ള കുടുംബത്തിന്റെ സുരക്ഷിതത്വത്തിന്  ബാബുവിന്റ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കും.

ഇതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മകന്റെ വിയോഗത്തിനുശേഷം തളര്‍ന്നുപോയ അമ്മ അനിതയെയും മൂന്ന് പെണ്‍മക്കളെയും മകനെയും അടുത്തു നിര്‍ത്തിയാണ് മുഖ്യമന്ത്രി സമാശ്വസിപ്പിച്ചത്. നല്ലവണ്ണം പഠിക്കണമെന്ന ഉപദേശവും ഇവര്‍ക്കു നല്‍കി. കാല്‍ നൂറ്റാണ്ടായി ഇവിടെ തമാസിക്കുന്ന ഈ ആദിവാസി കുടുംബത്തിന്റെ സ്ഥലത്തിന് പട്ടയം ലഭിക്കാത്തതും സ്വന്തമായി വീടില്ലാത്തതും നാട്ടുകാര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇതിനെല്ലാം പരിഹാരം കണ്ടെത്താന്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിനു മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ബാബുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി  ഇവിടെ എത്തിയത്. പത്ത് ലക്ഷം രൂപയുടെ ചെക്ക് അധികൃതര്‍ കൈമാറി. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.കെ. മുനീറും തിങ്കളാഴ്ച രാവിലെ ബാബുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നു, മന്ത്രി പി.കെ. ജയലക്ഷ്മി കഴിഞ്ഞ ദിവസം ഇവിടെയെത്തി രണ്ടു ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.

ബാണാസുരസാഗര്‍ അണക്കെട്ടില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ റൗഫ് എന്ന അപരിചിതനായ യുവാവ് വെള്ളത്തിലേക്ക് താഴ്ന്ന പോകുന്നതുകണ്ട്  രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് ബാബുവും അപടകടത്തില്‍പ്പെടുന്നത്. കയത്തിലേക്ക് മുങ്ങിത്താഴുമ്പോള്‍ പ്രാണനുവേണ്ടിയുള്ള ഇരുകൈകളും ഉയര്‍ത്തിയുള്ള റൗഫിന്റെ  യാചന കണ്ടപ്പോള്‍ കരയിലുണ്ടായിരുന്ന ഈ ആദിവാസി യുവാവ് മറ്റൊന്നും ആലോചിക്കാതെ അണക്കെട്ടിലേക്ക് ചാടുകയായിരുന്നു.

ഒടുവില്‍ കരയിലുള്ളവരെ കണ്ണീരിലാഴ്ത്തി ഇരുവരും ബാണാസുരസാഗറിന്റെ ആഴങ്ങളിലേക്ക് അടര്‍ന്നു പോവുകയായിരുന്നു. ബിടെക് ബിരുദ പഠനത്തിനു ശേഷം വിദേശത്ത് ജോലിക്കു പോകാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു ചെന്നലോട് പത്തായക്കോടന്‍ റൗഫ്. പണിയ വിഭാഗക്കാരനായ പന്തിപ്പൊയിലിലെ നരിപ്പാറ അംബേദ്കര്‍ കോളനിയിലെ ബാബു മണ്ണുമാന്തി യന്ത്രത്തിന്റെ സഹായിയായി ജോലി ചെയ്യുകയായിരുന്നു. റിസോര്‍ട്ടിനായുള്ള പണിസ്ഥലത്ത് നിന്നാണ് മറ്റൊരാളുടെ ജീവന്‍രക്ഷിക്കാന്‍ ബാബു വെളളത്തിലേക്കിറങ്ങിയത്.