കോട്ടയ്ക്കല്‍: നേട്ടത്തിന്റെയും കോട്ടത്തിന്റെയും കണക്കുകള്‍ക്കപ്പുറം വ്യവസായലോകത്തിന്റെ ഉള്ളറകളിലും സ്‌നേഹത്തിന്റെ ഉറവയുണ്ട്, കരുതലിന്റെയും. അണയാത്ത ആ കരുതലിന്റെ ഉറപ്പിലാണ് നിലമ്പൂരിലെ ആദിവാസികള്‍ ഇന്ന് നടുനിവര്‍ത്തുന്നത്. ചെറുകിട മരവ്യവസായ അസോസിയേഷന്‍ സമ്മാനിച്ച മരക്കട്ടിലുകളില്‍.

വാണിയമ്പുഴ ഡെപ്യൂട്ടി റേഞ്ചര്‍ എസ്. സുഗതനുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ ആശയത്തിന്റെ തുടക്കം. നിലമ്പൂരിലെ നാലു കോളനികളിലായി ക്ഷയവും കുഷ്ഠരോഗവും കണ്ടെത്തിയിരുന്നു. നിലത്തെ പൊടിയില്‍ കിടക്കുന്നതടക്കം ആദിവാസി ഊരുകളിലെ ശീലങ്ങള്‍ ക്ഷണിച്ചുവരുത്തിയ രോഗങ്ങള്‍. ആദിവാസി ഊരില്‍ ആദ്യ കട്ടിലെത്തുന്നത് സാന്ത്വനചികിത്സാവിഭാഗം വഴിയാണ്. ഊരിലെ കിടപ്പുരോഗിക്ക് നല്‍കിയ കട്ടില്‍ കാലാവധി കഴിഞ്ഞതോടെ സംഘടനയ്ക്ക് തിരികെ കൊണ്ടുപോകേണ്ടി വന്നു. കിടപ്പുരോഗിക്കു പോലും കിടക്കാനൊരു കട്ടിലില്ലാത്ത അവസ്ഥയിലായി പിന്നീട് അവരുടെ ജീവിതം. അങ്ങനെയാണ് ഈ പ്രശ്‌നം സുഗതന്റെയും മരവ്യവസായികളുടെയും ശ്രദ്ധയില്‍പ്പെട്ടത്.

കണക്കുകള്‍പ്രകാരം നിലമ്പൂരിലെ നാല് ആദിവാസി ഊരുകളിലായി 70 കുടുംബങ്ങളാണുള്ളത്. ഈ കുടുംബങ്ങള്‍ക്കെല്ലാം പ്രയോജനപ്പെടുന്ന രീതിയില്‍ 70 കട്ടിലുകളാണ് ചെറുകിട മരവ്യവസായ അസോസിയേഷന്‍ വാഗ്ദാനംചെയ്തത്. യൂണിറ്റ് കമ്മിറ്റികളും മുനിസിപ്പല്‍ കമ്മിറ്റികളും അടങ്ങുന്ന നൂറോളം കമ്മിറ്റികളുടെയും 2000-ല്‍ അധികം അംഗങ്ങളുടെയും ശ്രമഫലമായാണ് ആദിവാസികള്‍ക്കായി കട്ടിലുകളൊരുങ്ങിയത്. ഇതിനായി ചെലവഴിച്ചത് എട്ടുലക്ഷത്തിലേറെ രൂപ. അങ്ങനെ ആഴ്ചകള്‍ക്കുശേഷം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ കട്ടിലുകള്‍ ആദിവാസികള്‍ക്ക് കൈമാറി.    
   
കയറിക്കിടക്കാനൊരു കൂരയും നടുനിവര്‍ത്താനൊരു കട്ടിലും മാറിധരിക്കാന്‍ കുറച്ച് വസ്ത്രങ്ങളും. ആദിവാസികളുടെ മനസ്സിലുണ്ടായിരുന്ന കുറേ ആഗ്രഹങ്ങള്‍... അവ ഒന്നൊന്നായി നിറവേറുന്നതിന്റെ സന്തോഷം നിലമ്പൂരിലെ ആദിവാസിക്കുടിലുകളില്‍ കാണാം.