മൂവാറ്റുപുഴ: ഹര്‍ത്താല്‍ ദിനത്തില്‍ എം.ജെ. ഷാജിയുടെ ഓട്ടോ സൗജന്യമായി ഓടിയത് 272 കിലോമീറ്റര്‍. കൂടാതെ 26 പേര്‍ക്ക് ഒരു പായ്ക്കറ്റ് ബണ്ണും ഒരു കുപ്പി വെള്ളവും നല്‍കി. 1400 രൂപയോളം കൈയില്‍ നിന്ന് ചെലവിട്ടാണ് ഷാജി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള രോഗികളെ വീടുകളില്‍ എത്തിച്ചത്. ഒലിയപ്പുറത്തിനും മണീടിനും പോത്താനിക്കാടിനും ഓട്ടം പോയി.

ജനറല്‍ ആശുപത്രിയില്‍ വ്യാഴാഴ്ച കണ്ണ് ഓപ്പറേഷന്‍ കഴിഞ്ഞ് ആറുപേരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇവരെയെല്ലാം വീട്ടിലെത്തിച്ചാണ് ഷാജി മടങ്ങിയത്.

ആരില്‍ നിന്നും പണം വാങ്ങിയല്ല തന്റെ ജീവനോപാധിയായ ഓട്ടോ ഹര്‍ത്താല്‍ ദിനത്തില്‍ ഷാജി ഓടിച്ചത്.  എല്ലാ പണിമുടക്ക് ദിനത്തിലും ഒട്ടേറെ ഒറ്റയാള്‍ സമരങ്ങള്‍ നടത്തിയ ഈ സമര സഖാവുണ്ടാകും സര്‍ക്കാര്‍ ആശുപത്രിയുടെ പടിവാതില്‍ക്കല്‍, സൗജന്യ ഓട്ടത്തിന് തയ്യാറെടുത്ത്.