കണ്ണൂര്‍: ഒരുപാട് പേര്‍ക്ക് രക്തം നല്‍കിയിട്ടുണ്ട് ആല്‍ഫ്രഡ് സെല്‍വരാജ്. 20 വര്‍ഷമായി അത് തുടരുന്നു. ഇപ്പോള്‍ സ്വന്തം കരള്‍ പകുത്തുനല്‍കി വീണ്ടും മാതൃകയായിരിക്കുകയാണ് കണ്ണൂര്‍ ബര്‍ണശ്ശേരി സ്വദേശിയായ മുപ്പത്തെട്ടുകാരന്‍. എറണാകുളം തൃപ്പൂണിത്തുറയിലെ സജിത് വര്‍മ(31)യ്ക്കാണ് ആല്‍ഫ്രഡ് കരള്‍ നല്‍കിയത്. നോണ്‍ ആല്‍ക്കഹോളിക് സിറോസിസ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു സജിത്. അദ്ദേഹത്തിന്റെ അച്ഛന്‍ ഇതേ രോഗം ബാധിച്ചാണ് മരിച്ചത്.
  
ഒരു പ്രമുഖ മരുന്നുകമ്പനിയുടെ എം.ഡി.യുടെ ഡ്രൈവറായി ആല്‍ഫ്രഡ് കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു. ആ കാലത്ത് തിരുവനന്തപുരത്തെ ആലീയ ഫാത്തിമയുടെ കഥ പത്രത്തിലൂടെയറിഞ്ഞ് കരള്‍ നല്‍കാന്‍ സന്നദ്ധനായി തിരുവനന്തപുരത്ത് ചെന്നു. പക്ഷേ, കരളിന്റെ വലിപ്പം ശരിയാകാത്തതിനാല്‍ അന്ന് കൊടുക്കാന്‍ സാധിച്ചില്ല. ഈ കാര്യം കേട്ടറിഞ്ഞ മെഡിക്കല്‍ കമ്പനി എം.ഡി.യാണ് തന്റെ പരിചയത്തിലുള്ള ഒരാളുടെ ബന്ധു കരള്‍കിട്ടിയാല്‍ ജീവിക്കുമെന്ന കാര്യം പറഞ്ഞത്. 

രണ്ടാമതൊന്ന് ആലോചിക്കാതെ ആല്‍ഫ്രഡ് സമ്മതം അറിയിച്ചു. ഉറച്ച തീരുമാനത്തിന് മുന്നില്‍ കണ്ണൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡംഗമായ ഭാര്യ ദീപയും മക്കളായ എസ്തര്‍, ഇമ്മാനുവല്‍ എന്നിവരും വഴങ്ങി. പരിശോധനയ്ക്കും കൗണ്‍സലിങ്ങിനും ശേഷം പോലീസ്, റവന്യൂവകുപ്പ് അന്വേഷണവും നടപടിക്രമങ്ങളും വേഗത്തില്‍ പൂര്‍ത്തിയായി.

ജൂണ്‍ 13-ന് കൊച്ചി അമൃത ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് 14-ന് ഇരുവരുടെയും ശസ്ത്രക്രിയ നടത്തി. ആല്‍ഫ്രഡ് ജൂലായ് 12-ന് ആസ്പത്രി വിട്ട് വീട്ടിലെത്തി. മൂന്നുമാസം വിശ്രമം വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടുമാസം കൊണ്ട് മുറിച്ചുമാറ്റിയ കരള്‍ വളര്‍ന്ന് പൂര്‍വസ്ഥിതിയിലാകും. ആറുമാസത്തിനുശേഷം മുമ്പ് ചെയ്തപോലെ എല്ലാ പണിയും ചെയ്യാം. നാടും കുടുംബവും ഒരുമാസമായി ആല്‍ഫ്രഡിനുവേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു. 

മാര്‍പ്പാപ്പ ഈ വര്‍ഷം കാരുണ്യവര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആ കാലത്തുതന്നെ തനിക്കിങ്ങനെ ചെയ്യാന്‍ സാധിച്ചത് പുണ്യമായെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. മിക്ക ദിവസവും ഫോണില്‍ സജിത് വര്‍മയുടെ വിശേഷങ്ങള്‍ അന്വേഷിക്കും. അവര്‍ തിരിച്ചും. 18-ാം വയസ്സുമുതല്‍ സന്നദ്ധസേവനരംഗത്തും രക്തദാനരംഗത്തും പ്രവര്‍ത്തിച്ചുവരുന്നുണ്ട് ആല്‍ഫ്രഡ്. നാലുവര്‍ഷം അര്‍ബുദരോഗികള്‍ക്കുവേണ്ടി മുടിയും താടിയും വളര്‍ത്തിയിരുന്നു. പിന്നീട് മുടിമുറിച്ച് രോഗികള്‍ക്ക് നല്‍കിയും മാതൃകയായി.