വേർപിരിഞ്ഞുപോയ മകളുടെ ഓർമയ്ക്ക്‌ ജയശ്രീ ടീച്ചർ നൽകിയത്‌ നന്മ നിറഞ്ഞ സ്നേഹോപഹാരം. ഒല്ലൂർ വൈലോപ്പിള്ളി സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സെബി വല്ലച്ചിറക്കാരൻ അനുസ്മരണമാണ്‌ ഹൃദയസ്പർശിയായ അനുഭവങ്ങളുടെ വേദിയായത്‌.

വൈവിധ്യമാർന്ന സേവനപ്രവർത്തനങ്ങൾക്കൊണ്ട്‌ ജീവകാരുണ്യവഴിയിൽ വേറിട്ട മാതൃകയായി മാറിയ സെബി ഒരു വർഷം മുമ്പാണ്‌ മരിച്ചത്‌. കാൻസർ രോഗത്തിനടിമയായിട്ടും രോഗശയ്യയിലും  സെബി കാൻസർ രോഗികളുടെ ക്ഷേമത്തിന്‌ വേണ്ടിയാണ്‌ ഒടുവിൽ പോരാടി മരിച്ചത്‌.
ഒല്ലൂരിലെ സജീവ പൊതുപ്രവർത്തകനായ സെബി, വൈലോപ്പിള്ളി സ്മാരക സ്കൂളിന്റെയും അഭ്യുദയകാംക്ഷിയും വികസന സമിതി സെക്രട്ടറിയുമായിരുന്നു.
സ്കൂളിലെ ജയശ്രീ ടീച്ചറുടെ മകൾ ശ്രുതി 12 വർഷം മുമ്പാണ്‌ വാഹനാപകടത്തിൽ മരിച്ചത്‌. കണിമംഗലം എസ്‌.എൻ. സ്കൂളിലെ പ്ളസ്‌ വൺ വിദ്യാർഥിനിയായിരുന്നു ശ്രുതി.

മകളുടെ മരണത്തെത്തുടർന്ന്‌ ലഭിച്ച ഇൻഷുറൻസ്‌ തുക കുറച്ചുനാൾ മുമ്പാണ്‌ ടീച്ചർക്ക്‌ ലഭിച്ചത്‌. ഇതിൽനിന്ന്‌ ഒരു ലക്ഷം രൂപയാണ്‌ ടീച്ചർ സെബിയുടെ പേരിലുള്ള ഫൗണ്ടേഷൻ വഴി കുടുംബത്തിന്‌ കൈമാറിയത്‌. സെബിയുടെ ചരമവാർഷികവുമായി ബന്ധപ്പെട്ട്‌ നടത്തിയ ആദ്യ അനുസ്മരണം സ്കൂൾ അധികൃതർ ദീപ്തമായ ഓർമകളാൽ ഹൃദ്യമാക്കുകയും ചെയ്തു. ചടങ്ങ്‌ കെ. രാജൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു.
ഒല്ലൂരിലെ സന്നദ്ധസേവന പ്രവർത്തനങ്ങളുടെ ഊർജസ്രോതസ്സായിരുന്നു സെബിയെന്ന്‌ എം.എൽ.എ. പറഞ്ഞു. കൗൺസിലർ സി.പി. പോളി അധ്യക്ഷനായി.

ഒല്ലൂരിലെ ആക്ട്‌സ്‌, അഞ്ചേരിയിലെ വ്യാപാരി വ്യവസായി സംഘടന, ജില്ലാ രക്തദാന സമിതി, ഐ.എം.എ. ബ്ളഡ്‌ബാങ്ക്‌, എയ്‌ഡ്‌സ്‌ കൺട്രോൾ സൊസൈറ്റി, പൾസ്‌ സാന്ത്വനസ്പർശം, കാൻസർ സൊസൈറ്റി തുടങ്ങിയ നിരവധി മേഖലകളിലൂടെ വിശ്രമമില്ലാതെ പ്രവർത്തിച്ച സെബി പൊതുപ്രവർത്തകർക്ക്‌ മാതൃകയാണെന്നും ചടങ്ങിനെത്തിയവർ അനുസ്മരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ.വി. വിജന, ഹെഡ്‌മിസ്‌ട്രസ്‌ മെറീന ജോസഫ്, കെ.ആർ. മോഹനൻ, ബേബി മൂക്കൻ, ചെറിയാൻ ജോർജ്‌, പി.ടി.എ. പ്രസിഡന്റ്‌ എ.എ. ചാക്കോ, ഉഷ പ്രകാശം, സിസ്റ്റർ സീമ തുടങ്ങിയവർ പ്രസംഗിച്ചു.