വാടാനപ്പള്ളി: അനീഷയുടെ കല്യാണമാണ് ശനിയാഴ്ച. വിവാഹത്തിന് അണിയാന്‍ 10 പവന്‍ സ്വര്‍ണാഭരണങ്ങളും 600 പേര്‍ക്ക് ഭക്ഷണവും ഒരുക്കുന്നത്  അവളുടെ ആങ്ങളമാരാണ്. 42 പേരുണ്ട് അവര്‍.   
  
വാടാനപ്പള്ളി കോസ്മോസ് ക്ലബ്ബാണ് പെങ്ങള്‍ക്കൊരു പൊന്‍താലി എന്ന പദ്ധതിയിലൂടെ അനീഷയുടെ വിവാഹം നടത്തിക്കൊടുക്കുന്നത്. സ്വന്തം സഹോദരിയുടെ വിവാഹംപോലെ അനീഷയുടെ വിവാഹം നടത്താന്‍ അവര്‍ കുറച്ച് ദിവസമായി ഓട്ടത്തിലാണ്. വാടാനപ്പള്ളി ബ്രദേഴ്സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ 600 പേര്‍ക്ക് ചിക്കന്‍ ബിരിയാണി വിളമ്പും. വെള്ളിയാഴ്ചയിലെ മൈലാഞ്ചിക്ക് 150 പേര്‍ക്കുള്ള ഭക്ഷണവും ക്ലബ്ബാണ് ഒരുക്കുന്നത്.
  
വാടാനപ്പള്ളി രായംമരയ്ക്കാര്‍ വീട്ടില്‍ അന്‍സാറിന്റെ മകളാണ് അനീഷ. അന്‍സാര്‍ ഹൃദയസംബന്ധമായ അസുഖം മൂലം കാര്യമായ ജോലിയൊന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലാണ്. വാടാനപ്പള്ളി ബീച്ചിലുണ്ടായിരുന്ന അന്‍സാറിന്റെ വീട് എട്ടു വര്‍ഷം മുമ്പ് കടലെടുത്തുപോയി. ഇപ്പോള്‍ തളിക്കുളം മൂന്നാം വാര്‍ഡില്‍ കളാംപറമ്പില്‍ വാടകവീട്ടിലാണ് താമസം.
  
അനീഷയുടെ വിവാഹം നിശ്ചയിച്ചശേഷമാണ് കോസ്മോസ് ക്ലബ്ബ് അന്‍സാറിന്റെ അവസ്ഥ അറിയുന്നത്. അന്‍സാറിന്റെ സമ്മതത്തോടെ വിവാഹച്ചെലവുകള്‍ നടത്താന്‍ അവര്‍ തയ്യാറായി. വിദേശത്തുള്ള ക്ലബ്ബ് അംഗങ്ങള്‍ സഹായം നല്‍കി. അകലാട് കാരങ്ങല്‍ അഫ്സലാണ് അനീഷയെ വിവാഹം ചെയ്യുന്നത്. അദ്ദേഹത്തിന്റെ കൂടി സമ്മതം വാങ്ങിയാണ് കോസ്മോസ് അംഗങ്ങള്‍ വിവാഹച്ചടങ്ങിനാവശ്യമായതെല്ലാം ചെയ്യുന്നത്.   കലാകായികരംഗങ്ങളില്‍ മികച്ച പ്രകടനം നടത്തുന്ന സംഘടനയാണ് കോസ്മോസ് ക്ലബ്ബ്.