അമ്പലവയല്‍: നാട്ടുകാരും രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ഥികളുമെല്ലാം കൈകോര്‍ത്തപ്പോള്‍ അമ്പലവയല്‍ ജി.വി.എച്ച്.എസ്. സ്‌കൂള്‍ ഹൈടെക് നിലവാരത്തിലേക്ക്.  കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ക്കുസാധ്യതയുള്ള സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിയേറ്റെടുത്ത് ഏറ്റവുംവേഗത്തില്‍പൂര്‍ത്തീകരിക്കുന്ന സ്‌കൂളായി മാറാനൊരുങ്ങുകയാണ് അമ്പലവയല്‍.

ഡിസംബര്‍ അഞ്ചിന് ജില്ലയിലെത്തിയ വിദ്യാഭ്യാസമന്ത്രി ജില്ലയിലെ പ്ലസ്ടുവരെയുള്ള സ്‌കൂളുകള്‍ ഈഅധ്യയനവര്‍ഷം ഹൈടെക്കാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനംവന്നയുടന്‍ അമ്പലവയല്‍ സ്‌കൂളിലെ പി.ടി.എ.യും അധ്യാപകരും സര്‍വകക്ഷികളും യോഗം ചേര്‍ന്നു. 35 ലക്ഷത്തോളം ചെലവുവരുന്നപദ്ധതിക്കായി പണംകണ്ടെത്താനുള്ള മാര്‍ഗരേഖതയ്യാറാക്കി.
 
അധ്യാപകരും വ്യാപാരികളും രക്ഷകര്‍ത്താക്കളും അമ്പതിനായിരം രൂപവീതം വായ്പ നല്‍കിയതോടെ പണികളാരംഭിച്ചു. പിന്നീട് പൂര്‍വവിദ്യാര്‍ഥികള്‍, വ്യാപാരികള്‍ എന്നിവരില്‍നിന്ന് പണംസ്വരൂപിച്ചു.  പ്രദേശത്തെ സര്‍ക്കാര്‍വിദ്യാലയം ഉന്നതനിലവാരത്തിലേക്കുയര്‍ത്തുന്നതിന് നാട്ടുകാര്‍ അകമഴിഞ്ഞ് സംഭാവന എളുപ്പതില്‍ പൂര്‍ത്തിയായി. വിദേശത്തുള്ള പൂര്‍വവിദ്യാര്‍ഥികള്‍, തൊഴിലാളിയൂണിയനുകള്‍, സന്നദ്ധസംഘടനകള്‍ എല്ലാം ആവുന്ന സംഭാവനകള്‍ നല്‍കി. അമ്പലവയല്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ദിവസം 20 രൂപവീതം പിരിച്ചെടുത്ത് ഒരാള്‍ 200 രൂപവീതം നല്‍കി.

സ്‌കൂളിലെ എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള 35 ക്ലാസ്സ് മുറികളാണ് ഹൈടെക് നിലവാരത്തിലേക്കുയര്‍ത്തുന്നത്. ഒരുമുറിക്ക് ഒരുലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. എല്ലാമുറികളിലേയും സീലിങ് ജോലികള്‍ പൂര്‍ത്തിയായി. വൈദ്യുതീകരണവും കഴിഞ്ഞു. തറയില്‍ ടൈല്‍വിരിക്കുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഫാന്‍, അലമാര എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. ഏകദേശം 75 ശതമാനം പണികള്‍ പൂര്‍ത്തിയായതായി നിര്‍മാണക്കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ജനുവരിഒന്നിനുമുന്‍പ് പദ്ധതിപൂര്‍ത്തീകരിക്കും. 
 പി.ടി.എ. പ്രസിഡന്റ് എ. രാജന്‍ കണ്‍വീനറും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍ ചെയര്‍പേഴ്സനുമായ  കമ്മിറ്റിയാണ് നിര്‍മാണത്തിന്  നേതൃത്വം നല്‍കുന്നത്.