ബാലരാമപുരം: ക്ഷേത്രത്തിലെ ഉത്തരവാദിത്വങ്ങള്‍!ക്കും ആത്മീയകാര്യങ്ങള്‍ക്കുമപ്പുറം ജീവകാരുണ്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുകയാണ് ഒരു സന്ന്യാസിമാരുടെയും ക്ഷേത്രശാന്തിക്കാരുടെയും കൂട്ടായ്മ. സ്‌നേഹദീപമെന്ന പേരില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ പാവപ്പെട്ട രോഗികള്‍ക്ക് മുടങ്ങാതെ ഉച്ചഭക്ഷണമെത്തിക്കുകയാണ് ഇവര്‍.

പേട്ട സ്വരൂപാനന്ദ ആശ്രമത്തിലെ സ്വാമി കൃഷ്ണാനന്ദ ക്ഷേത്രശാന്തിക്കാരായ രതീഷ്, നിതിന്‍ തുടങ്ങിയവരാണ് കഴിഞ്ഞ നാലുവര്‍ഷമായി രോഗികള്‍ക്ക് പൊതിച്ചോറെത്തിക്കുന്നത്. ബാലരാമപുരം, മലയിന്‍കീഴ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന രോഗികള്‍ക്കാണ് സഹായമെത്തിക്കുന്നത്. നാലുവര്‍ഷം മുന്‍പാണ് സ്വാമി കൃഷ്ണാനന്ദയും കൂട്ടരും സ്‌നേഹദീപമെന്ന പേരില്‍ കൂട്ടായ്മ രൂപവത്കരിച്ചത്. വഴിയരികിലെ ഭിക്ഷാടകര്‍ക്ക് പൊതിച്ചോറുകള്‍ എത്തിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ആശുപത്രികളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോള്‍ ദിവസവും മുന്നൂറോളം പേര്‍ക്ക് മുടങ്ങാതെ ഇവര്‍ അന്നമെത്തിക്കുന്നു.

കൂട്ടായ്മയിലെ അംഗങ്ങളിലേറെയും ക്ഷേത്രശാന്തിമാരും സന്ന്യാസിമാരുമാണ്. മറ്റ് മേഖലയിലുള്ളവരും ഇതില്‍ സഹകരിക്കുകയാണ്. നിത്യവുമുള്ള ക്ഷേത്രജോലികള്‍ക്ക് ശേഷം ഇവര്‍ ഭക്ഷണം തയ്യാറാക്കാന്‍ ഒത്തുചേരും. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഓട്ടോറിക്ഷയില്‍ എത്തി പൊതിച്ചോര്‍ വിതരണം ചെയ്ത് തുടങ്ങും. തങ്ങളുടെ വരുമാനത്തിന്റെ ഒരു പങ്ക് ഇവര്‍ എന്നും സ്‌നേഹദീപത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കുന്നു. പാതയോരങ്ങളില്‍ നിരവധി ഭിക്ഷാടകരാണ് പതിവായി സ്വാമി കൃഷ്ണാനന്ദയും കൂട്ടരും എത്തിക്കുന്ന പൊതിച്ചോറിനായി കാത്തിരിക്കുന്നത്.