ഹിമാൻഷു ഗുപ്ത| Photo Courtesy: www.youtube.com|watch?v=FBEU5YbE21M
ചായവില്‍പ്പനക്കാരനില്‍നിന്ന് ഐ.എ.എസ്. ഓഫീസറിലേക്ക്. ആരെയും പ്രചോദിപ്പിക്കുന്നതാണ് ഉത്തര്‍ പ്രദേശ് സ്വദേശി ഹിമാന്‍ഷു ഗുപ്തയുടെ ജീവിതകഥ. ബറേലിയിലെ കൊച്ചുചായക്കടയില്‍ ചായവിറ്റിരുന്ന യുവാവ് ഇന്ന് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉദ്യോഗസ്ഥനാണ്.
കഷ്ടപ്പാടും കഠിനാധ്വാനവും നിറഞ്ഞതായിരുന്നു സിവില്‍ സര്‍വീസസലേക്കുള്ള ഹിമാന്‍ഷുവിന്റെ യാത്ര. മൂന്നാം തവണയാണ് ഐ.എ.എസിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നതെന്ന് ന്യൂസ് 18 ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 2019-ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 304-ാം റാങ്കാണ് ഹിമാന്‍ഷു കരസ്ഥമാക്കിയത്.
ചെറുനഗരമായ സിറോലിയില്‍നിന്നാണ് ഹിമാന്‍ഷു തന്റെ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. വീട്ടില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയായിരുന്നു ഹിമാന്‍ഷുവിന്റെ സ്‌കൂള്‍. പ്രാഥമിക വിദ്യാഭ്യാസത്തിനായി ഹിമാന്‍ഷു സഞ്ചരിച്ചത് പ്രതിദിനം 70 കിലോമീറ്റര്‍.
ദിവസവേതനക്കാരനായിരുന്നു ഹിമാന്‍ഷുവിന്റെ പിതാവ്. അദ്ദേഹം പിന്നീട് ഒരു ചായക്കട തുടങ്ങി. പിതാവും ഹിമാന്‍ഷുവും ചേര്‍ന്നായിരുന്നു ചായക്കട നടത്തിയിരുന്നത്. യു.പി.എസ്.സി. പരീക്ഷ പാസാവുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ചായക്കടയില്‍ ഇരിക്കുന്ന സമയത്ത് ഹിമാന്‍ഷു ദിനപത്രങ്ങള്‍ വായിക്കുക പതിവായിരുന്നു.
മറ്റു സിവില്‍ സര്‍വീസ്‌മോഹികളില്‍നിന്ന് വ്യത്യസ്തമായി, പരിശീലനം നേടുന്നതിന് ഡല്‍ഹിയിലേക്ക് പോകുന്നതിന് പകരം തനിച്ച് പഠിക്കാനാണ് ഹിമാന്‍ഷു തീരുമാനിച്ചത്. തുടര്‍ന്ന് ഡിജിറ്റല്‍ പഠനസാമഗ്രികളെയും വീഡിയോകളെയും ആശ്രയിച്ച് പഠനം ആരംഭിച്ചു.
ഡല്‍ഹി സര്‍വകലാശാലയില്‍നിന്നാണ് ഹിമാന്‍ഷു ബിരുദപഠനം പൂര്‍ത്തിയാക്കിയത്. ആദ്യമായി താനൊരു മെട്രോ സിറ്റിയില്‍ എത്തിയത് അപ്പോഴായിരുന്നെന്ന് ഹിമാന്‍ഷു പറയുന്നു. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തും സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പില്‍ നിന്നുമൊക്കെയാണ് ഹിമാന്‍ഷു പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ബിരുദത്തിനു ശേഷം എം.എസ് സിക്ക് ചേര്‍ന്നു. യു.ജി.സി. നെറ്റ് യോഗ്യതയും നേടി. മാത്രമല്ല ഗേറ്റില്‍ മുന്‍നിര റാങ്ക് നേടിയ ഹിമാന്‍ഷു, സര്‍വകലാശാല ടോപ്പറുമായി.
പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ പി.എച്ച്.ഡി. ചെയ്യാന്‍ വിദേശത്തേക്ക് പോകാന്‍ അവസരം ലഭിച്ചു. എന്നാല്‍ ഇന്ത്യയില്‍ത്തന്നെ ജോലിചെയ്യാന്‍ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് യു.പി.എസ്.സി. പരീക്ഷാപരിശീലനവും ആരംഭിച്ചു. അതിനിടെ ഒരു സര്‍ക്കാര്‍ കോളേജില്‍ റിസര്‍ച്ച് സ്‌കോളറായി ചേരുകയും ചെയ്തു. സ്റ്റൈപ്പന്‍ഡ് ലഭിക്കുന്നതിനെക്കൂടാതെ പഠനത്തിന് അനുകൂലമായ അന്തരീക്ഷം ലഭ്യമാകുന്നതിനും ഈ തീരുമാനം സഹായിച്ചെന്ന് ഹിമാന്‍ഷു പറഞ്ഞു. ഏതൊരു പരീക്ഷയിലും വിജയിക്കണമെങ്കില്‍ പൂര്‍ണ നിശ്ചയദാര്‍ഢ്യം വേണമന്നും ഹിമാന്‍ഷു കൂട്ടിച്ചേര്‍ക്കുന്നു.
content highlights: from tea seller to ias officer- himanshu gupta's life story
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..