കോട്ടയം: ഓമനിച്ചുവളര്‍ത്തിയ നായ്ക്കള്‍ തന്റെ മരണശേഷം അനാഥരാകരുതെന്ന് ഡോ. കെ.മദന്‍മോഹനു നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവയെ നോക്കാന്‍ അദ്ദേഹം വ്യവസ്ഥകള്‍ ചെയ്തുവെച്ചു.!

കഴിഞ്ഞദിവസം അന്തരിച്ച കേരള രഞ്ജി ടീം മുന്‍ ക്യാപ്റ്റനും കോട്ടയം മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക് സര്‍ജനുമായിരുന്ന ഡോ. കെ.മദന്‍മോഹനാണ് മൃഗസ്‌നേഹത്തിന്റെ കൂടി പര്യായമാകുന്നത്.

കോട്ടയം ഗാന്ധിനഗറിലെ ഡോക്ടേഴ്‌സ് ഗാര്‍ഡനിലുള്ള സൗപര്‍ണിക വീട്ടില്‍ വളര്‍ത്തിയിരുന്ന നായ്ക്കളെ കോട്ടയത്തെതന്നെ ഫ്രണ്ട്‌സ് ഓഫ് അനിമല്‍ എന്ന മൃഗസ്‌നേഹികളുടെ സംഘടനയെയാണ് ഡോക്ടര്‍ ഏല്പിച്ചത്.

മദന്‍മോഹന്റെ വീട്ടില്‍ നാടന്‍ ഇനത്തില്‍പ്പെട്ട 24 നായ്ക്കളാണുള്ളത്. ഓരോനായയും പലപ്പോഴായി ഡോക്ടറുടെ വീട്ടില്‍ എത്തുകയായിരുന്നു. യജമാനന്‍ ഉപേക്ഷിച്ചതും അലഞ്ഞു തിരിഞ്ഞെത്തിയതുമാണ് ഇവയില്‍ മിക്കവയും.

ഇവിടെയെത്തിയതോടെ അവരെല്ലാം സനാഥരായി. എല്ലാവര്‍ക്കും അദ്ദേഹം പേരിട്ടു; ജിമ്മി, മൗഗ്ലി, പഞ്ഞി... പേരുകള്‍ വിളിച്ചാല്‍ നായ്ക്കള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തുമായിരുന്നെന്ന്, സഹായി സംക്രാന്തി സ്വദേശിനി സീന പറഞ്ഞു. നായ്ക്കളെ വളരെ ശ്രദ്ധാപൂര്‍വം അദ്ദേഹം പരിചരിച്ചു.

മൂന്നുനിലയുള്ള വീട്ടിലെ രണ്ടുനിലയിലെ എല്ലാ മുറികളിലും നായ്ക്കള്‍ക്ക് ഇഷ്ടാനുസരണം കയറിയിറങ്ങാം. എന്നും അവയ്ക്ക് ഇഷ്ടപ്പെട്ട തീറ്റയും നല്‍കി.

ചെറുപ്പംമുതലേ വീട്ടില്‍ നായ്ക്കളുണ്ടായിരുന്നെന്ന് മദന്‍മോഹന്റെ മകന്‍ വിനോദ് പറഞ്ഞു.

ഡോ. മദന്‍മോഹന്റെ വീട്ടില്‍നിന്ന് അടുത്തദിവസംതന്നെ നായ്ക്കളെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റുമെന്ന് ഫ്രണ്ട്‌സ് ഓഫ് അനിമല്‍ ഭാരവാഹി നവീന്‍ പറഞ്ഞു. ഞായറാഴ്ച നടക്കുന്ന ദത്തെടുക്കല്‍ക്യാമ്പില്‍ ഇവയെ വേണ്ടവര്‍ക്കു നല്‍കുകയുംചെയ്യും.

ആതുരസേവനരംഗത്തും ഡോ.മദന്‍മോഹന്‍ സഞ്ചരിച്ചത് വേറിട്ട വഴികളിലൂടെയാണ്. കാന്‍സര്‍രോഗികളുടെ സംരക്ഷണത്തിനായി വീട് പുതുക്കിപ്പണിത് ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. വീടിനോടുചേര്‍ന്നുള്ള സ്ഥലം വിറ്റിട്ടാണ് അദ്ദേഹം ഇതിനുവേണ്ടിയുള്ള പണം കണ്ടെത്തിയത്. കൂടാതെ, മദന്‍ ചാരിറ്റബള്‍ ട്രസ്റ്റ് എന്നപേരില്‍ സന്നദ്ധസംഘടനയുണ്ടാക്കി ജീവകാരുണ്യപ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങി. പെന്‍ഷന്റെ നല്ലൊരു ശതമാനവും അദ്ദേഹം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നീക്കിവെച്ചു.

1966 മുതല്‍ 1971 വരെ ഡോ. മദന്‍മോഹന്‍ കേരള രഞ്ജി ടീമിലെ അംഗമായിരുന്നു. ഈ കാലയളവില്‍ കേരളത്തിനുവേണ്ടി 32 മത്സരത്തില്‍നിന്ന് 828 റണ്‍സും അഞ്ചുവിക്കറ്റും നേടി.