ബെംഗളൂരു:പുതുവര്‍ഷദിനത്തില്‍ പിറക്കുന്ന ആദ്യത്തെ പെണ്‍കുഞ്ഞിന് ബിരുദം വരെ സൗജന്യവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ബെംഗളൂരു നഗരസഭ. ബെംഗളൂരു നഗരത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ 2018 ജനുവരി ഒന്നിന് സ്വാഭാവിക പ്രസവത്തിലൂടെ ആദ്യം പിറക്കുന്ന കുഞ്ഞിനാണ് സൗജന്യവിദ്യാഭ്യാസം നല്‍കുകയെന്ന് ബെംഗളൂരു മേയര്‍ ആര്‍ സമ്പത് രാജ് റെഡ്ഡി അറിയിച്ചു.

പെണ്‍കുഞ്ഞുങ്ങള്‍ ഭാരമാണെന്ന ചിന്തയെ ഇല്ലാതാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സമ്പത് രാജിനെ ഉദ്ധരിച്ച് ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുഞ്ഞിന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ബി ബി എം പി (ബൃഹത് ബെംഗളൂരു മഹാനഗര പാലികെ) അഞ്ചുലക്ഷം രൂപ നിക്ഷേപിക്കും.

ബി ബി എം പി കമ്മീഷണറുടെയും പെണ്‍കുഞ്ഞിന്റെയും പേരിലുള്ള സംയുക്ത ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുക. ഇതിന്റെ പലിശ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രികളില്‍ പോകുന്ന ഗര്‍ഭിണികള്‍ പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ളവരാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ പെണ്‍കുഞ്ഞ് ഒരു ഭാരമായാണ് അവര്‍ കരുതുന്നത്- സമ്പത് രാജ് പറഞ്ഞു.

ഡിസംബര്‍ 31 അര്‍ധരാത്രിക്കു ശേഷം സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ ജനനസമയം ആരോഗ്യവകുപ്പ് ജീവനക്കാര്‍ രേഖപ്പെടുത്തും. ജനുവരി ഒന്നിന്റെ ആദ്യമണിക്കൂറിലോ മണിക്കൂറുകളിലോ പിറക്കുന്ന പെണ്‍കുഞ്ഞിനെയാണ് തിരഞ്ഞെടുക്കുക. 32 സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളാണ് നഗരത്തിലുള്ളത്. ഇതില്‍ 26 ഇടത്ത് പ്രസവ വാര്‍ഡുകളുണ്ട്.