സെഹിയോൻ ഊട്ടുശാലയിൽ ഭക്ഷണം വിളമ്പുന്നു.
അരൂര്‍: വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം. എഴുപുന്ന സെയ്ന്റ് ആന്റണീസ് പള്ളി കേന്ദ്രമാക്കി ഇതിനായി ഒരു സെഹിയോന്‍ ഊട്ടുശാല തുറന്നപ്പോള്‍ ആരും കരുതിയില്ല ഇവിടത്തെ ദൈവം അന്നമാകുമെന്ന്. കഴിഞ്ഞ 15 വര്‍ഷമായി ഇതു തുടരുന്നു.
കോവിഡ് മഹാമാരിയില്‍ ലോകമാകെ നിശ്ചലമായപ്പോഴും ഈ ഊട്ടുശാലയില്‍ ഭക്ഷണം ഒരുങ്ങി, ഒരു ദിനം പോലും മുടങ്ങാതെ. അതിനാല്‍ ഈ ഊട്ടുശാലയെ ആശ്രയിക്കുന്നവര്‍ ഇതിനൊരു പേരും നല്‍കി - കരുണയുടെ കടലിരമ്പം. ഒരിക്കലും അവസാനിക്കാത്ത കടല്‍തിരമാലകള്‍ തീര്‍ക്കുന്ന ഇരമ്പം എന്ന അര്‍ഥത്തില്‍. 2006 ഡിസംബര്‍ നാലിനാണ് ഇവിടെ സെഹിയോന്‍ ഊട്ടുശാല ആരംഭിക്കുന്നത്. 30 പേര്‍ക്കുള്ള ഭക്ഷണമായിരുന്നു അന്നിവിടെ തയ്യാറാക്കിയിരുന്നത്. ഞായര്‍ ഒഴികെ ആഴ്ചയിലെ ആറ് ദിവസവും ഈ അടുപ്പ് സാധാരണക്കാര്‍ക്കായി എരിഞ്ഞു. ദിനംപ്രതി ഇതിന്റെ പ്രവര്‍ത്തന വ്യാപ്തി കൂടി.
കഴിഞ്ഞ രണ്ട് വര്‍ഷമായി എല്ലാ ദിനവും ഈ ഊട്ടുശാലയില്‍ ഭക്ഷണം ഒരുങ്ങുന്നു - പ്രതിദിനം മുന്നൂറോളം പേര്‍ക്ക്. വൈദികരും ഉദാരമതികളും അടങ്ങുന്ന ഒരുകൂട്ടം ആളുകളുടെ നിസ്വാര്‍ഥ പിന്തുണയാണ് ഇതിനു പിന്നില്‍. കോവിഡ് കാലത്ത് ഈ ഊട്ടുശാലയുടെ പ്രവര്‍ത്തനം മികച്ചതായി. അതിനുകാരണം അന്നത്തെ വികാരി ഫാ. കൊച്ചീക്കാരന്റെ ഇടപെടലുകളായിരുന്നു. കോവിഡില്‍ പള്ളിയുടെ വരുമാനത്തിന്റെ നിശ്ചിത ഓഹരിയും ഈ അടുക്കളയിലേക്ക് എത്തി. ഇതിനു പിന്നില്‍ ആലപ്പുഴ മെത്രാന്‍ ഡോ. ജെയിംസ് ആനാപറമ്പിലിന്റെ നിര്‍ദേശമായിരുന്നു.
ചെറുപ്പക്കാരായ ഒരു സംഘത്തിന് പാചകമടക്കമുള്ള കാര്യങ്ങളില്‍ പരിശീലനം നല്‍കി. നിലവില്‍ പ്രായമായവര്‍ക്കും രോഗികള്‍ക്കും വീടുകളില്‍ ഭക്ഷണപ്പൊതികള്‍ എത്തിച്ചുനല്‍കുന്നുണ്ട്. നീണ്ടകര, പാറായി, എരമല്ലൂര്‍, വല്ലേത്തോട്, ചമ്മനാട് ഭാഗങ്ങളിലുണ്ട് ഇവരുടെ സേവനം. ഊട്ടുശാലയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഫാ. സെബാസ്റ്റ്യന്‍ അറോജാണ്. അദ്ദേഹത്തിന് കരുത്തായി ചെറുപ്പക്കാരുടെ സംഘവും. പണമായും അരിയായും പലവ്യഞ്ജനമായും ഇന്നിവിടേക്ക് സഹായമെത്തുന്നു. ഊട്ടുശാലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കോവിഡ് ടാസ്‌ക് ഫോഴ്സ് വൈദ്യസഹായം, മരുന്ന്, രോഗികള്‍ക്ക് യാത്രാ സഹായം എന്നിവയും നല്‍കുന്നുണ്ട്.
content highlights: ezhupunna st antony's church sehiyon oottusala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..