ജിദ്ദയിൽ ബിരിയാണി ചലഞ്ച് നടത്തി സമാഹരിച്ച തുക മാളിയേക്കലിലെ ഫിറോസ് ഖാൻ ചികിത്സാസമിതിക്ക് കൈമാറുന്നു.
കാളികാവ് (മലപ്പുറം): മലയാളിമനസ്സുകളിലെ കാരുണ്യം മരുഭൂമിയില്‍ ഒരിക്കല്‍ക്കൂടി തെളിഞ്ഞൊഴുകി. വൃക്ക തകരാറിലായ പ്രവാസി മലയാളിയെ സഹായിക്കാനായി ജിദ്ദയില്‍ നടത്തിയ ബിരിയാണി ചലഞ്ചില്‍ അറബികളടക്കം പങ്കാളികളായി. ഒരൊറ്റ ചലഞ്ചിലൂടെ സമാഹരിച്ചത് 15 ലക്ഷത്തിലേറെ രൂപ.
ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ സ്വദേശിയും പ്രവാസിയുമായ കപ്പക്കുന്നന്‍ ഫിറോസ് ഖാന്റെ വൃക്ക തകരാറിലാണ്. വൃക്ക മാറ്റിവെക്കാനുള്ള ചെലവിലേക്കായി ജിദ്ദയില്‍ മാളിയേക്കല്‍ പ്രവാസി കൂട്ടായ്മയായ മാളിയേക്കല്‍ വെല്‍ഫെയര്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അസോസിയേഷന് (മവാസ) ആണ് ബിരിയാണി ചലഞ്ച് നടത്തിയത്. അയല്‍പ്രദേശങ്ങളിലെ പ്രവാസി കൂട്ടായ്മകളുമായി സഹകരിച്ച് നടത്തിയ പരിപാടിയിലൂടെ 15,29,700 രൂപ സമാഹരിക്കാനായി.
മഞ്ഞപ്പെട്ടി ഏരിയ പ്രവാസി സംഘം, അഞ്ചച്ചവിടി ഏരിയ പ്രവാസി സംഗമം, പള്ളിശ്ശേരി ജിദ്ദ പ്രവാസി കൂട്ടായ്മ, കാളികാവ് ഏരിയ പ്രവാസി സാംസ്കാരികവേദി, കാളികാവ് ഏരിയ പ്രവാസി അസോസിയേഷന്, ഉദരംപൊയില്‍ പ്രവാസി അസോസിയേഷന്, പുല്ലങ്കോട് ഏരിയാ പ്രവാസി അസോസിയേഷന്, സ്രാമ്പിക്കല്ല് എക്സ്സ്പാറ്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്, കൂരാട് ഏരിയ പ്രവാസി സംഘം എന്നീ കൂട്ടായ്മകള്‍ ബിരിയാണി ചലഞ്ചുമായി സഹകരിച്ചു.
മാളിയേക്കലില്‍ നടന്ന ചടങ്ങില്‍ തുക ഫിറോസ് ഖാന് ചികിത്സാസഹായസമിതിക്ക് കൈമാറി. മവാസ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എം. അസീസ് ഉദ്ഘാടനം ചെയ്തു. മവാസ മുന്‍ പ്രസിഡന്റ് കെ. സുലൈമാന്‍ അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി അംഗങ്ങളായ കെ.പി. റഷീദ്, വി.പി. മൊയ്ദീന്, എം.കെ. അബൂബക്കര്‍, കേന്ദ്രകമ്മിറ്റി രക്ഷാധികാരി വി. ജലീല്‍ എന്നിവര്‍ ചേര്‍ന്നാണ് ഫണ്ട് കൈമാറിയത്.
Content Highlights: expatriates conducts biriyani challenge to help kidney patient
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..