ആവശ്യക്കാർക്ക് അരി വിതരണം ചെയ്യാൻ മട്ടാഞ്ചേരി നസ്രേത്ത് പരിസരത്ത് തുറന്ന ‘എന്റെ കൊച്ചി’ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസിൽ ചീഫ് കോ-ഓർഡിനേറ്റർ ഷിബു
മട്ടാഞ്ചേരി: അരിയില്ലാത്തതിനാൽ ആരും പട്ടിണി കിടക്കരുതെന്നാണ് ഇവർ പറയുന്നത്. അരി ഇല്ലാതെ ബുദ്ധിമുട്ടുന്ന എല്ലാവർക്കും ഒരു പൈസയും വാങ്ങാതെ അരി കൊടുക്കാൻ സംവിധാനം ഒരുക്കിയിരിക്കുകയാണ് ‘എന്റെ കൊച്ചി’ ചാരിറ്റബിൾ ട്രസ്റ്റ് എന്ന ഈ സംഘടന. അരി നൽകാനായി മട്ടാഞ്ചേരിയിലെ നസ്രേത്ത് ഇവർ ഒരു ഓഫീസും തുടങ്ങിയിട്ടുണ്ട്. ഇവിടെ ആർക്കും വന്ന് അരി വാങ്ങാം. അതിന് രേഖകളൊന്നും ആവശ്യമില്ല. പായ്ക്കറ്റുകളിലാക്കി അരി കരുതിവെച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകീട്ടാണ് അരി നൽകുന്നത്. ഓഫീസിലെത്തിയാൽ കാര്യങ്ങളൊന്നും പറയേണ്ട. അരി എത്ര വേണമെന്നുമാത്രം പറഞ്ഞാൽ മതി. ഒരിക്കൽ അരി വാങ്ങുന്നയാൾക്ക് ഒരാഴ്ച കഴിഞ്ഞാൽ വീണ്ടും അരി വാങ്ങാം.
കുടുംബത്തിൽ കൂടുതൽ ആളുകളുണ്ടെങ്കിൽ അതിന് അനുസരിച്ച് കൂടുതൽ അരി കൊടുക്കുമത്രെ. മട്ടയരി, വെള്ളയരി, ഗോതമ്പ് എന്നിവയാണ് പ്രധാനമായും വിതരണം ചെയ്യുന്നത്. ‘365 ദിവസവും സൗജന്യമായി അരി ലഭ്യമാണ്’ എന്ന ബോർഡ് ഈ ഓഫീസിന്റെ മുന്നിൽ തൂക്കിയിട്ടുണ്ട്.
‘‘ദിവസം എട്ടും പത്തും പേർ വരുന്നുണ്ട്. അവർക്ക് ആവശ്യത്തിന് അരി നൽകും. ചിലർക്ക് വരാൻ ശാരീരികമായി ബുദ്ധിമുട്ടാകും, അവർ ആരെയെങ്കിലും പറഞ്ഞയച്ചാൽ അവരുടെ കൈയിൽ കൊടുത്തയയ്ക്കും -‘എന്റെ കൊച്ചി’ ചീഫ് കോ-ഓർഡിനേറ്റർ ഷിബു പൊള്ളയിൽ പറയുന്നു. ‘‘വിതരണത്തിനാവശ്യമായ അരി സംഘടിപ്പിക്കുന്നത് സുമനസ്സുകളുടെ സഹായത്തോടെയാണ്. എന്റെ കൊച്ചി ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങളെല്ലാം സാമ്പത്തികമായും സഹകരിക്കുന്നുണ്ട്.
വിവരമറിഞ്ഞ് കൊച്ചിയുടെ പലഭാഗത്തുനിന്നും ആളുകൾ എത്തുന്നുണ്ട്. പക്ഷേ, എത്രപേർ വന്നാലും ഒരു വിഷമവുമില്ലെന്ന് ഷിബു പറയുന്നു. നിവൃത്തിയില്ലാത്തവരാണ് അരിയില്ലാതെ ബുദ്ധിമുട്ടുന്നത്. അവരെ സഹായിക്കാൻ സമൂഹത്തിന് ബാധ്യതയുണ്ട്...’’ -ഷിബു പറയുന്നു. നിർധനർക്ക് ചികിത്സാ സഹായം എത്തിക്കാനും എന്റെ കൊച്ചി മുന്നിലുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..