
ഷിമ നബിൽ ഖാലിദ്
തൃശ്ശൂര്‍: 'ആ ബാഗ് കിട്ടിയില്ലെങ്കില്‍ എനിക്ക് തീരാനഷ്ടമാകുമായിരുന്നു. പക്ഷേ, അവര്‍ എനിക്കത് വീണ്ടെടുത്തു നല്കി. റിയലി താങ്ക്സ് ടു കേരള പോലീസ്'... ഇത് പറയുമ്പോള്‍ ഈജിപ്തുകാരി ഷിമ നബില്‍ ഖാലിദിന്റെ കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ നിറഞ്ഞു. അരണാട്ടുകര സ്കൂള്‍ ഓഫ് ഡ്രാമയില്‍ ഗവേഷണ വിദ്യാര്‍ഥിയാണ് ഷിമ.
ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് ഉത്കണ്ഠയുടെ മണിക്കൂറുകള്‍ക്ക് തുടക്കം. തൃശ്ശൂര്‍ ഹോട്ടല്‍ ഗരുഡയില്‍നിന്ന് അയ്യന്തോളിലെ ഫ്ലാറ്റിലേക്ക് മാറുന്ന തിരക്കിനിടെ ഷിമയുടെ വിലപ്പെട്ട പല രേഖകളും അടങ്ങുന്ന ബാഗ് എവിടെയോ വെച്ച് മറന്നു. ഗവേഷണ രേഖകളടങ്ങുന്ന പെന്‍ഡ്രൈവും ലാപ്ടോപ്പും എല്ലാം അടങ്ങുന്നതായിരുന്നു ബാഗ്.
അയ്യന്തോളിലെ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ അവിടെ താമസം തുടങ്ങാവുന്ന നിലയിലായിരുന്നില്ല. അതോടെ വീണ്ടും സാധനങ്ങളുമെടുത്ത്് ഓട്ടോയില്‍ തിരികെ ഹോട്ടലിലേക്ക് പോന്നു, എന്നാല്‍ തിരികെയെത്തി നോക്കിയപ്പോള്‍ ഗവേഷണരേഖകളടങ്ങുന്ന ബാഗ് കാണാനില്ല. മാസങ്ങളുടെ അധ്വാനവും പഠനവും മുടങ്ങുമല്ലോ എന്നോര്‍ത്തപ്പോള്‍ ഷിമയ്ക്ക് കണ്ണീരടക്കാനായില്ല.
ഹോട്ടല്‍ മാനേജര്‍ രാമനുണ്ണി എ.സി.പി. വി.കെ. രാജുവുമായി ബന്ധപ്പെട്ടു. ഉടന്‍തന്നെ തിരച്ചിലിന് കണ്ട്രോള് റൂം അധികൃതര്‍ക്ക് നിര്‍ദേശം നല്കി. കണ്ട്രോള് റൂം എസ്.െഎ. ബിനു ഡേവിസിന്റെ നേതൃത്വത്തില്‍ തിരികെ വന്ന ഓട്ടോ അടക്കം അരിച്ചുപെറുക്കി. ഒടുവില്‍ രാത്രി പത്തുമണിയോടെ ഫ്ലാറ്റില്‍ നിന്ന് ബാഗ് കണ്ടെടുത്തു.
മണിക്കൂറുകളോളം നിറഞ്ഞകണ്ണുകളുമായിരുന്ന ഷിമയ്ക്ക് അതോടെ ആശ്വാസമായി.നഷ്ടപ്പെട്ട ബാഗ് കണ്ടെടുത്ത് നല്കിയ പോലീസിനും തനിക്ക് തുണയായ ഹോട്ടല്ഗരുഡ ഇന്റര്‍നാഷണല്‍ മാനേജര്‍ രാമനുണ്ണിക്കും പ്രത്യേകം നന്ദി പ്രകാശിപ്പിക്കാന്‍ ഷിമ മറന്നില്ല.
content highlights: egyptian native salutes kerala police as they found her lost bag
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..