തൃശ്ശൂർ: പ്രായാധിക്യം കാരണം അവശനിലയിലായ മുന്തിയ ഇനം നായയെ ഉടമ ഉപേക്ഷിച്ചു. പണം വാങ്ങി നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയയാളും കരുണ കാണിച്ചില്ല. വലിച്ചിഴച്ചുകൊണ്ടുപോയപ്പോൾ നായയുടെ നഖമിളകി ചോരയൊലിച്ചു. ഒടുവിൽ മൃഗസ്‌നേഹികളുടെ സംഘടനയായ പോസ് പോലീസ് സഹായത്തോടെ ഏറ്റെടുത്ത് ചികിത്സ നൽകി. ഉടമയ്ക്കെതിരേ അവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

നിയോ പൊളിറ്റൻ മാസ്റ്റിഫ്‌ എന്നയിനം നായയ്ക്ക് ആറുവയസ്സുണ്ട്‌. പത്ത്‌ കിലോമീറ്ററുകളോളം നടന്ന് ക്ഷീണിച്ച് നായ തളർന്നുവീഴുകയായിരുന്നു. കാലിന് അടിയിൽ മുറിവുണ്ടാവുകയും നഖം അടർന്നുപോവുകയും ചെയ്തു. പോസിന്റെ ചെറുമുക്കിലെ അഭയകേന്ദ്രത്തിലാണിപ്പോൾ അവൻ. പ്രായത്തിന്റേതായ അവശതകളുണ്ടെങ്കിലും ചികിത്സ കഴിഞ്ഞപ്പോൾ അവൻ ഉഷാറായിത്തുടങ്ങി. ആളുകൾ അടുത്തെത്തുമ്പോൾ കുരയ്ക്കുന്നുമുണ്ട്. മൂത്രതടസ്സമുണ്ടായിരുന്നെന്ന് പോസ് സംഘടനാസ്ഥാപക പ്രീതി ശ്രീവത്സനും സെക്രട്ടറി കണ്ണനും പറഞ്ഞു.

കൊക്കാല മൃഗാശുപത്രിയിലെത്തിക്കുമ്പോൾ ദൈന്യതയും നിസ്സഹായതയും നിറഞ്ഞ നോട്ടം മാത്രമായിരുന്നു പ്രതികരണം. മൂത്രം പോവാതെ മൂത്രാശയം നിറഞ്ഞുനിന്നിരുന്നതിനാൽ കത്തീറ്റർ ഇട്ട് മൂത്രം പുറത്തുകളഞ്ഞു. ശരീരത്തിൽ മുഴകളുള്ളതിനാൽ കുത്തിയെടുത്ത സ്രവം വെറ്ററിനറി കോളേജിലെ പത്തോളജി ലാബിലേയ്ക്കയച്ചതായി കൊക്കാല വെറ്ററിനറി ആശുപത്രിയിലെ അസി. പ്രൊഫസർ ഡോ. റെജി വർഗീസ് പറഞ്ഞു. നായയ്ക്ക് നടുവിനും അരക്കെട്ടിനും തകരാറുമുണ്ട്.

കുഞ്ഞുങ്ങൾക്ക് അരലക്ഷം വരെ വിലയുള്ളതാണ് ഈ ഇനം നായകൾ. ശരാശരി പത്തുകൊല്ലമാണ് ആയുസ്സ്.

Content Highlights: Dog, which was abandoned by the owner, was taken over by animal lovers