-
കൊല്ലം : മൂന്നാർ തെരുവുകളിൽ അലഞ്ഞുനടക്കാനായിരുന്നു ഈ നാടൻനായയുടെ വിധി. പക്ഷേ സ്വിറ്റ്സർലൻഡിൽനിന്ന് വിനോദയാത്രയ്ക്കെത്തിയ അലനും ജോണിയും അത് മാറ്റിയെഴുതാൻ പോകുകയാണ്. തിരികെ പോകുമ്പോൾ ഒപ്പം കൂട്ടാനായി ആ നായയെ ദത്തെടുക്കാനുള്ള ശ്രമത്തിലാണ് അവർ. അതിനായി കൊല്ലം ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ച് മൈക്രോ ചിപ്പ് ഘടിപ്പിച്ചു. പ്രതിരോധമരുന്നുകൾ നൽകി. പെറ്റ് പാസ്പോർട്ടും സ്വന്തമാക്കി.
കേരളം നൽകിയ സ്വീകരണത്തിനു നന്ദിയെന്നോണം ‘നന്ദി’ എന്നാണ് നായയ്ക്ക് പേരുനൽകിയിരിക്കുന്നത്. നന്ദിയുള്ള മൃഗം എന്ന നാളുകളായുള്ള വിശേഷണവും പേരിന് നിമിത്തമായി. നമ്മൾ തെരുവുനായ്ക്കളെ എറിഞ്ഞോടിക്കുബോൾ ഇവർ അവയ്ക്ക് അഭയമേകുകയാണ്.
വിമാനത്തിലേറി കടൽകടക്കാൻ കടമ്പകൾ ഏറെയുണ്ട് ഇവൾക്ക്. പേവിഷപ്രതിരോധം, തിരിച്ചറിയൽ നമ്പർ എന്നിവ നിർബന്ധം. പ്രതിരോധമരുന്ന് നൽകിയാലും അതിന്റെ ആന്റിബോഡി നിലവാരം അറിഞ്ഞാൽമാത്രമേ ഒരു മൃഗത്തെ സ്വിറ്റ്സർലൻഡിലേക്ക് കൊണ്ടുപോകാനാകൂ. പേവിഷരഹിത രാജ്യങ്ങളിലെല്ലാം ഇത് കർശനമായി പാലിക്കുന്ന കാര്യമാണ്. സ്വിറ്റ്സർലൻഡിലേക്ക് ‘നന്ദി’യുടെ പരിശോധനാ സാമ്പിൾ അയച്ച് അവിടെനിന്ന് ഫലം ലഭിക്കണം. അതിന് ഒരുമാസം കാത്തിരിക്കണം. അതുകൊണ്ടുതന്നെ നന്ദിയെ ഒരുമാസം കൊച്ചിയിൽ ഇവരുടെ സുഹൃത്തിന്റെ വീട്ടിൽ പാർപ്പിക്കും.
സൂറിച്ചിൽ ഹോട്ടൽ വ്യവസായം നടത്തുന്ന ജോണിയും അലനും തികഞ്ഞ മൃഗസ്നേഹികളാണ്. ഫെബ്രുവരി അവസാനം മടങ്ങിപ്പോകുന്ന ഇവർ ഏപ്രിലിൽ വീണ്ടും വരും. നന്ദിയെ കൊണ്ടുപോകാൻ. അജിത്ത്ബാബു, രാജു, ഷൈൻകുമാർ എന്നീ ഡോക്ടർമാരാണ് നന്ദിയുടെ വിദേശയാത്രയ്ക്ക് സഹായവുമായി ഒപ്പം നിൽക്കുന്നത്. അലനും ജോണിയും അവർക്കും നന്ദി പറയുന്നു; നിറഞ്ഞമനസ്സോടെ.
Content Highlights: dog adapted from kerala to switzerland
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..