ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലെത്താന്‍ നേരിടേണ്ടിവരുന്ന കടുത്ത ദുരിതങ്ങളുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നതിനിടെ ഡല്‍ഹിയില്‍നിന്ന് ഒരു നല്ല വാര്‍ത്ത. സ്വന്തം കൃഷിയിടത്തില്‍ ജോലിചെയ്യുന്ന ബിഹാര്‍ സ്വദേശികളായ പത്ത് കുടിയേറ്റ തൊഴിലാളികള്‍ക്ക് വീട്ടിലെത്താന്‍ 70000 രൂപ മുടക്കി വിമാന ടിക്കറ്റ് എടുത്തുനല്‍കി കൂണ്‍ കര്‍ഷകനായ പപ്പന്‍ സിങ്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം രണ്ട് മാസത്തോളം പത്ത് തൊഴിലാളികള്‍ക്കും ഭക്ഷണവും താമസ സൗകര്യവും നല്‍കിയതിനു ശേഷമാണ് അദ്ദേഹം അവരെ വിമാനത്തില്‍ സ്വന്തം വീടുകളിലേക്ക് അയയ്ക്കുന്നത്. തൊഴിലാളികള്‍ക്ക് പട്‌ന വിമാനത്താവളത്തില്‍നിന്ന് സ്വന്തം ഗ്രാമങ്ങളിലെത്താന്‍ ബസ്സും ഏര്‍പ്പാടാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കവെ നാട്ടിലേക്ക് പോകുന്നതിനിടെ തന്റെ തൊഴിലാളികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തനിക്ക് അത് താങ്ങാനാവില്ലെന്ന് സിങ് പറയുന്നു.

രാജ്യത്തെ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ കടുത്ത ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവരുമ്പോള്‍ തങ്ങള്‍ക്ക് മാന്യതയോടെയും ആരോഗ്യത്തോടെയും സ്വന്തം കുടുംബങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുന്നതില്‍ ആശ്വാസമുണ്ടെന്ന് പപ്പന്‍ സിങ്ങിനൊപ്പം 20 വര്‍ഷത്തിലേറെ ജോലിചെയ്യുന്ന ലഖ്‌വിന്ദര്‍ റാം പറയുന്നു. മകനൊപ്പമാണ് അദ്ദേഹം വിമാനത്തില്‍ ബിഹാറിലേക്ക് പോകുന്നത്. വിമാനത്തില്‍ യാത്രചെയ്യാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ആറിന് ഇവരുടെ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് പറന്നുയരും. പത്ത് തൊഴിലാളികളും കോവിഡ് 19 പരിശോധന നടത്തിക്കഴിഞ്ഞു. യാത്രയ്ക്കാവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവയെല്ലാം വാങ്ങി. പത്ത് തൊഴിലാളികളും നേരത്തെ ശ്രമിക് തീവണ്ടിയില്‍ നാട്ടിലെത്തുന്നതിനുവേണ്ടി രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഉത്തരേന്ത്യയിലെ ഉഷ്ണതരംഗത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പപ്പന്‍ സിങ് വിമാനത്തില്‍ നാട്ടിലേക്ക് പോയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചു.

ഡല്‍ഹിയിലെ തിഗിപുര്‍ സ്വദേശിയാണ് പപ്പന്‍ സിങ്. ബിഹാറില്‍ നിന്നുള്ള 10000ത്തിലേറെ കുടിയേറ്റ തൊഴിലാളികള്‍ അവിടെയുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി അവിടെനിന്ന് അധികം പേര്‍ സ്വന്തം നാടുകളിലേക്ക് പോയിട്ടില്ല. തന്റെയൊപ്പമുള്ള തൊഴിലാളികള്‍ തനിക്ക് ബന്ധുക്കളെപ്പോലെ തന്നെയാണെന്ന് പപ്പന്‍ സിങ് പറയുന്നു. അവര്‍ കഠിനാധ്വാനം ചെയ്യുന്നതിനാല്‍ തനിക്ക് കൂണ്‍കൃഷിയില്‍നിന്ന് പ്രതിവര്‍ഷം 12 ലക്ഷംരൂപവരെ വരുമാനം നേടാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

Content Highlights: Delhi farmer spends 70000 for air tickets to migrant workers