
-
തിരുനാവായ: കൊറോണഭീതിയിൽ നാടൊട്ടുക്കും സാമൂഹിക അകലം പാലിക്കാനും പൊതു ചടങ്ങുകൾ ഉപേക്ഷിക്കാനുമുള്ള നിർദേശത്തോടെ അനിശ്ചിതത്വത്തിലായ നസീറ തെസ്നിയുടെ വിവാഹത്തിന് തുണയായി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി
ആരവങ്ങളും സത്കാരങ്ങളുമില്ലാതെ വരനും വീട്ടുകാരും മാത്രം വധൂഗൃഹത്തിലെത്തി മണവാട്ടിയെയുംകൂട്ടി മടങ്ങിയത് കോവിഡ് ജാഗ്രതയിൽ സാമൂഹിക പ്രതിബദ്ധതയുടെ ഉദാത്തമായ മാതൃകയായി.
തിരുനാവായ പട്ടർനടക്കാവ് താമസിക്കുന്ന ചിറ്റകത്ത് കണങ്കാളിൽ മുജീബ് -നസീമ ദമ്പതിമാരുടെ മകളാണ് നസീറ തെസ്നി. കൂലിപ്പണിക്കാരനായ മുജീബിന് ഇതുവരെയും സ്വന്തമായി വീടുപോലുമില്ല. ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും മാനദണ്ഡങ്ങൾ വിലങ്ങുതടിയായതിനാൽ ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ടില്ല.
വീടു വെക്കാൻവേണ്ടി മൂന്നുസെന്റ് സ്ഥലം വാങ്ങിയതിൽ വലിയ കടബാധ്യതയിലുമായിരുന്നു. അങ്ങനെയിരിക്കെ ഒന്നരവർഷം മുൻപാണ് മകളുടെ വിവാഹം തീരുമാനിച്ചത്. വിവാഹസത്കാരത്തിൽ പങ്കെടുക്കുന്നവർ നൽകുന്ന സഹായത്തിലായിരുന്നു ഏക പ്രതീക്ഷ.
കഴിഞ്ഞദിവസം പട്ടർനടക്കാവിലെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹസത്കാരം നടക്കേണ്ടിയിരുന്നത്. ഇത് മാറ്റിവെക്കണമെന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും നിർദേശിച്ചതോടെ തങ്ങളുടെ ആവലാതികളുമായി മുജീബും കുടുംബവും തിരുനാവായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ എടശ്ശേരിയെ സമീപിക്കുകയായിരുന്നു.
കുടുംബത്തിന്റെ പ്രയാസങ്ങൾ നേരിട്ടറിഞ്ഞ പ്രസിഡന്റ് ഇക്കാര്യം തൊട്ടടുത്തദിവസം ചേർന്ന ഭരണസമിതി യോഗത്തിൽ ചർച്ചചെയ്തു. ഇതോടെ പെൺകുട്ടിയുടെ വിവാഹത്തിനുള്ള മംഗല്യപ്പൊന്ന് ഭരണസമിതിയുടെ നേതൃത്വത്തിൽ സ്വരൂപിച്ചുനൽകാൻ തീരുമാനമായി.
ഇതുസംബന്ധിച്ച് സോഷ്യൽമീഡിയയിൽ പ്രസിഡന്റ് ഫൈസൽ എടശ്ശേരി നടത്തിയ അഭ്യർഥനയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. പഞ്ചായത്തിലെ വിവിധ സന്നദ്ധ സംഘടനകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും ഉദാരമതികളും ഇക്കാര്യം ഏറ്റെടുത്തു. ആവശ്യമായ തുക 24 മണിക്കൂറിനകംതന്നെ സ്വരൂപിച്ചുനൽകി. വീട്ടുകാർ മകൾക്ക് പാരിതോഷികമായി നൽകാൻ തീരുമാനിച്ച അതേ സ്വർണമാണ് ഗ്രാമപ്പഞ്ചായത്ത് നൽകിയത്.
മംഗല്യപ്പൊന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ എടശ്ശേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ, പ്രതിപക്ഷ നേതാവ് ടി. വേലായുധൻ എന്നിവർ ചേർന്ന് മുജീബിന്റെ വീട്ടീലെത്തി പുതു മണവാട്ടിക്ക് കൈമാറി. വി.പി. കുഞ്ഞാലി, ടി.പി. നാസർ, പള്ളത്ത് ലത്തീഫ്, വി.പി ശറഫു, പഞ്ചായത്തംഗം കെ.വി. പ്രഭാകരൻ എന്നിവരും പങ്കെടുത്തു.
Content Highlight: coronavirus; Marriage of Naseera Tasni with the help of the Grama Panchayat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..