എടച്ചേരിയിലെ കാട്ടിൽ സാലിമിന്റെ മകൾ റമീസ ഒപ്പം വിവാഹിതരായ അഞ്ചുപേർക്കൊപ്പം
എടച്ചേരി: മകളുടെ വിവാഹനാളിൽ അഞ്ച് യുവതികൾക്കുകൂടി മംഗല്യ സൗഭാഗ്യമൊരുക്കി പ്രവാസി മലയാളിയായ സാലിം. ഈ സ്നേഹവായ്പിനു മുന്നിൽ ജാതിമതഭേദമെല്ലാം അലിഞ്ഞില്ലാതായി. തലായി എടച്ചേരി കാട്ടിൽ സാലിമിന്റെയും റുബീനയുടെയും മകൾ റമീസയുടെ വിവാഹവേദിയാണ് സമൂഹവിവാഹത്തിന് സാക്ഷ്യം വഹിച്ചത്. വയനാട്, എടച്ചേരി, ഗൂഡല്ലൂർ, മലപ്പുറം, മേപ്പയ്യൂർ എന്നിവിടങ്ങളിലെ അഞ്ച് യുവതികൾക്കാണ് റമീസയുടെ വിവാഹവേദിയിൽ മംഗല്യഭാഗ്യമുണ്ടായത്. ഇതിൽ രണ്ട് യുവതികളുടേത് ഹൈന്ദവ വിധിപ്രകാരം താലികെട്ടും മൂന്ന് യുവതികളുടേത് ഇസ്‌ലാമിക വിധിപ്രകാരം നിക്കാഹുമായിരുന്നു.
മുനവ്വറലി ശിഹാബ് തങ്ങൾ വിവാഹങ്ങൾക്ക് നേതൃത്വം നൽകി. മകൾ ഉൾപ്പെടെ ആറു യുവതികൾക്കും സാലിം 10 പവൻ വീതം സ്വർണാഭരണം നൽകി. എല്ലാവർക്കും ഒരേതരം വസ്ത്രങ്ങൾ. ചടങ്ങിന് മാറ്റ് കൂട്ടാൻ നാദസ്വരവും ഒപ്പനയുമുണ്ടായി.
സ്ത്രീധനം ചോദിക്കുന്നവർക്ക് മകളെ വിവാഹംചെയ്തുനൽകില്ല എന്നത് സാലിമിന്റെ നേരത്തേയുള്ള തീരുമാനമായിരുന്നു. ആ സ്ത്രീധനത്തുക കൂടി ചേർത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന യുവതികൾക്കും മംഗല്യഭാഗ്യമൊരുക്കണമെന്ന് തീരുമാനിച്ചിരുന്നു. യുവതികളെ കണ്ടെത്താനായി നേരിട്ട് ഓരോ സ്ഥലം സഞ്ചരിച്ചത് വ്യത്യസ്ത അനുഭവമായിരുന്നെന്നും കല്യാണധൂർത്തും ചെലവുകളും കുറച്ച് ആ പണം ഇത്തരത്തിൽ ചെലവഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സാലിം പറഞ്ഞു.
കെ.കെ. രമ എം.എൽ.എ., പാറക്കൽ അബ്ദുള്ള, ഡോ. പിയൂഷ് നമ്പൂതിരി, എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി, പുറമേരി പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, മഹല്ല് ഖാദി പി.ടി. അബ്ദുൾ റഹിമാൻ മൗലവി, കുഞ്ഞുബ എം. കുഞ്ഞബ്ദുള്ള മൗലവി, എൻ.പി. ഷംസുദ്ദീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Content Highlights: Community marriage - Salim daughter wedding day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..