പുല്പള്ളി കേളക്കവലയിലെ ചിത്രകലാധ്യാപകനായ മങ്ങാരത്ത് ബിനുവും കുടുംബവും തങ്ങളുടെ ചിത്രവീട്ടിൽ
വീടാകെ വർണങ്ങളുടെ വിരുന്നൊരുക്കി അതിഥികളുടെ മനംകവരുകയാണ് കേളക്കവല മങ്ങാരത്ത് ബിനുവിന്റെ ചിത്രവീട്. പ്രകൃതിയോടിണങ്ങിയുള്ള ഇവിടത്തെ ചുമർചിത്രങ്ങൾ ആരുടെയും മനംനിറയ്ക്കും. മയിലും വേഴാമ്പലും ഇല്ലിക്കാടുമൊക്കെയാണ് വീടിന്റെ പുറംകാഴ്ച. അകത്തുകടന്നാൽ വേറെയുമുണ്ട് വർണലോകം. ഇല്ലിക്കാടിനിടയിലെ കാട്ടുകൊമ്പനും പൂമരങ്ങളുമെല്ലാമായി മറ്റൊരു മായാലോകമാണ് കേളക്കവലയിലെ ഈ ചിത്രവീട്. നടവയൽ സെയ്ന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനായ ബിനുവിന് വർഷങ്ങൾക്ക് മുമ്പേ തന്റെ വീട് വർണശബളമാക്കണമെന്ന ആശയമുണ്ടായിരുന്നു.
വീടിന്റെ പണി കഴിഞ്ഞപ്പോൾ തന്റെ വീടാണെന്ന് മറ്റുള്ളവർ മനസ്സിലാക്കാനാണ് ചെറിയ രീതിയിൽ ചിത്രങ്ങൾ വരച്ചുതുടങ്ങിയത്. എന്നാൽ ചെറിയ വരകളിൽ ഒതുക്കിനിർത്താൻ പിന്നീട് ബിനുവിന് കഴിഞ്ഞില്ല. വരച്ചുവരച്ച് ചുമരാകെ ചിത്രങ്ങൾ നിറഞ്ഞു. ചിത്രകാരിയായ ഭാര്യ ഷിനിയും മക്കളായ അക്സയും സൂസനും സാമുവലും ചിത്രവീട്ടിലെ ചുമരുകൾക്ക് വർണമേകാൻ ബിനുവിനൊപ്പമുണ്ട്.
കോവിഡ് കാലത്തിനുശേഷം സ്കൂൾ തുറക്കുമ്പോൾ കുട്ടികളെ വരവേൽക്കാനായി സ്കൂളിലെ ചുമരുകളിലും വർണലോകം തീർത്തിരിക്കുകയാണ് ഈ അധ്യാപകൻ. സ്കൂളിലെ പ്രധാനാധ്യാപികയായ സിസ്റ്റർ മിനി അബ്രഹാമടക്കമുള്ള അധ്യാപകരുടെ പിന്തുണയാണ് തന്റെ രചനകൾക്ക് പ്രചോദനമെന്ന് ബിനു പറയുന്നു.
അധ്യാപനത്തോടൊപ്പം കേരളീയ ചിത്രകലയുടെ പ്രാചീനരൂപങ്ങളായ കളമെഴുത്ത്, കോലമെഴുത്ത്, മുഖമെഴുത്ത് തുടങ്ങിയവയിൽ പഠനം നടത്തുകയാണ് ബിനു ഇപ്പോൾ. തന്റെ ചിത്രങ്ങളുടെ പ്രദർശനവും ഉടനെ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഈ ചിത്രകലാധ്യാപകൻ •
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..