പുതുപ്രതീക്ഷകൾ നൽകി... ജില്ലാ ആശുപത്രിയിലെ അർബുദചികിത്സാവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ജാനുവിനുസമീപം പേരക്കുട്ടികളും ഡോക്ടർമാരായ കെ.ആർ. ദീപുവും യു.എഫ്. ബിജുവും ക്രിസ്മസ് പാപ്പാവേഷധാരിയായ ശ്രീഹരിയും [അനുവാദത്തോടെ എടുത്ത ചിത്രം].
പാലക്കാട്: ക്രിസ്മസ് കരോള്‍ഗാനം പാടുന്ന കൊച്ചുമക്കളെ കണ്ടപ്പോള്‍ 'കീമോ' കഴിഞ്ഞതിന്റെ ക്ഷീണം എല്ലാവരും മറന്നു. എല്ലാവരുടെയും മുഖത്ത് പുഞ്ചിരി തെളിഞ്ഞു. കുടുംബത്തോടൊപ്പം വീണ്ടുമൊരു ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും.
അര്‍ബുദചികിത്സാകാലം നിരാശകളുടേതല്ല മറിച്ച് പ്രതീക്ഷകളും ആത്മവിശ്വാസവും നിറഞ്ഞതാണെന്ന് രോഗികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു പാലക്കാട് ജില്ലാ ആശുപത്രി അര്‍ബുദചികിത്സാവാര്‍ഡിലെ ക്രിസ്മസ് ആഘോഷം. ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന ശുഭാപ്തിവിശ്വാസമാണ് ഓരോരോഗിയുടെയും ചികിത്സാകാലത്തിന് ശക്തിയേകുന്നത്. ഇവര്‍ക്കുവേണ്ട എല്ലാ പിന്തുണയും നല്‍കുന്നതിന്റെ ഭാഗമായാണ് ജില്ലാ ആശുപത്രി ഓങ്കോളജി വാര്‍ഡില്‍ ക്രിസ്മസ് ആഘോഷം നടത്തിയതെന്ന് ഡോ. കെ.ആര്‍. ദീപു പറഞ്ഞു.
നഴ്‌സ് ശ്രീഹരി സാന്താക്ലോസായെത്തി വാര്‍ഡിലുള്ള എല്ലാവര്‍ക്കും ക്രിസ്മസ് സമ്മാനങ്ങള്‍ നല്‍കിയപ്പോള്‍ എല്ലാവരും നിറഞ്ഞചിരിയോടെ പരസ്പരം ഹാപ്പി ക്രിസ്മസ് ആശംസിച്ചു. ജില്ലാ ആശുപത്രി ഓങ്കോളജി വാര്‍ഡിലെ 15 രോഗികളും അവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് ആശുപത്രിയില്‍ ക്രിസ്മസ് ആഘോഷിച്ചത്. ജില്ലാ ആശുപത്രി ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ക്രിസ്മസ് ആഘോഷത്തിന് ഡോ. കെ.ആര്‍. ദീപു, ഡോ. യു.എഫ്. ബിജു എന്നിവര്‍ നേതൃത്വം നല്‍കി. ആര്‍.എം.ഒ. ഡോ. ഷൈജ കേക്കുമുറിച്ച് ക്രിസ്മസ് ആഘോഷത്തിന് തുടക്കമിട്ടു.
അര്‍ബുദബാധിതരുടെ ബന്ധുക്കള്‍ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. നഴ്‌സിങ് സൂപ്രണ്ടുമാരായ വിനോദിനി, ശ്രീകുമാരി, ഹെഡ് നഴ്‌സ് റെയ്ച്ചല്‍, സ്റ്റാഫ് നഴ്‌സുമാരായ രോഷ്‌നി, സ്മിത, റസിയ, നവനീത്, ജയന്തി, വാര്‍ഡിലെ മറ്റുജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: christmas celebration at cancer ward in palakkad district hopsital
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..