ജയനും അനുജനും ചിരി പ്രവർത്തകർക്കൊപ്പം| Photo: Mathrubhumi
ആറ്റിങ്ങല്‍: പഠനമേശയും പുസ്തകങ്ങളും പേനയും പെന്‍സിലുമൊക്കെയായി വീടിന്റെ പടികയറിവരുന്നവരെ കണ്ടപ്പോള്‍ കുഞ്ഞുജയന്റെ കണ്ണുകള്‍ തിളങ്ങി. നിറഞ്ഞ സന്തോഷത്തോടെ അവന്‍ അവരെ നോക്കിച്ചിരിച്ചു. ജയന്റെ ചിരി വീണ്ടെടുക്കാനായിരുന്നു അവരുടെ വരവ്.
ഒരു കുട്ടിയുടെ ചിരി വീണ്ടെടുക്കാന്‍ ഒരു ഫോണ്‍വിളി മതിയെന്നു തെളിയിക്കുകയാണ് കേരള പോലീസിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ചിരിപദ്ധതി. മേല്‍കടയ്ക്കാവൂര്‍ പഴഞ്ചിറ തെങ്ങുവിള വീട്ടില്‍ ആന്റണി-ബിന്ദു ദമ്പതിമാരുടെ മകനാണ് ജയന്‍. കടയ്ക്കാവൂര്‍ എസ്.എസ്.പി.ബി.എച്ച്.എസ്.എസിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി.
വീട്ടിലെ ബുദ്ധിമുട്ടുകള്‍ നിമിത്തം ജയനും അഞ്ചാംക്ലാസുകാരനായ അനുജനും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. 'ഞങ്ങള്‍ ആറ്റിങ്ങല്‍ക്കാരാ' എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ ജയന് മൊബൈല്‍ഫോണ്‍ സമ്മാനിച്ചതോടെ ഓണ്‍ലൈന്‍ക്ലാസില്‍ കൂടാനായി. പക്ഷേ, പഠനോപകരണങ്ങളൊന്നുമില്ലാത്തതിനാല്‍ കുട്ടികള്‍ വിഷമത്തിലായി. ഇതറിഞ്ഞ ചലച്ചിത്രപ്രവര്‍ത്തകനായ എന്‍.അയ്യപ്പനാണ് ചിരി ഹെല്‍പ്പ് ലൈന്‍ നമ്പരിലേക്ക് വിളിക്കാന്‍ ജയനെ പ്രേരിപ്പിച്ചത്.
ചിരിപ്രവര്‍ത്തകര്‍ ജയന്റെ വിവരങ്ങള്‍ ശേഖരിച്ച് തിരുവനന്തപുരം റൂറല്‍ ജില്ലാ സ്റ്റുഡന്റ്സ് കേഡറ്റ് പദ്ധതിയുടെ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ചിരിയുടെ മെന്റര്‍ ടീമിലുള്ള അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ കമ്യൂണിറ്റി പോലീസ് ഓഫീസര്‍ എന്‍.സാബു, മുതിര്‍ന്ന കേഡറ്റായ ശില്പ എന്നിവരുടെ നേതൃത്വത്തില്‍ തൊട്ടടുത്ത ദിവസംതന്നെ അവനും അനുജനും വേണ്ടി പഠനോപകരണങ്ങള്‍ വീട്ടിലെത്തിച്ചു. വീടിനടുത്ത് ട്യൂഷനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. ചിരി പ്രവര്‍ത്തകര്‍ തുടര്‍ന്നും സഹായങ്ങള്‍ നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് വീടുകള്‍ക്കുള്ളില്‍ കഴിയേണ്ടിവരുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാനായി ആവിഷ്‌കരിച്ചതാണ് ചിരി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കാണ് നിര്‍വഹണച്ചുമതല. 9497900200 എന്ന നമ്പറിലേക്ക് ഇതിനോടകം 2500-ലധികം വിളികളാണ് എത്തിയത്. മുതിര്‍ന്ന കേഡറ്റുകള്‍, അധ്യാപകര്‍, മാനസികാരോഗ്യവിദഗ്ധര്‍ എന്നിവരടങ്ങുന്നതാണ് ചിരിസംഘം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..