എ.എസ്.ഐ. ഡി.ശ്രീകുമാർ, നീണ്ടകരയിൽ പ്രവർത്തിക്കുന്ന മദർഹുഡ് ചാരിറ്റബിൾ മിഷൻ| Photo: Mathrubhumi
നീണ്ടകര(കൊല്ലം): കാക്കിക്കുള്ളിലെ കാരുണ്യത്തിന്റെ സ്പര്‍ശം അറിഞ്ഞ നിരവധിപേര്‍ നീണ്ടകര മദര്‍ഹുഡ് ചാരിറ്റി മിഷനിലുണ്ട്. നീണ്ടകര തീരദേശ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ഡി.ശ്രീകുമാര്‍ സ്വന്തം കീശയില്‍നിന്ന് പണം ചെലവാക്കി സമൂഹത്തില്‍ ഒറ്റപ്പെട്ടവരെ കണ്ടെത്തി സംരക്ഷിക്കുമ്പോള്‍ കേരള പോലീസിനും അഭിമാനിക്കാം.
മദര്‍ഹുഡില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനായി വിവിധ കോഴ്സുകളില്‍ സൗജന്യപരിശീലനവുമുണ്ട്. ലോക് ഡൗണുമായി ബന്ധപ്പെട്ട് കൊല്ലം ബോയ്സ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് പിരിച്ചുവിട്ടപ്പോള്‍ അവിടെനിന്ന് ആറുപേരെ ഏറ്റെടുത്ത് മദര്‍ഹുഡിലെത്തിച്ചത് ഇദ്ദേഹത്തിന്റെ നല്ല മനസ്സാണ്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശാനുസരണം ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് രണ്ടുപേരെ ഏറ്റെടുത്ത് അവരുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സംരക്ഷണം ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. മദര്‍ഹുഡില്‍ കഴിഞ്ഞുവന്ന നാലുപേരെ അവരുടെ വീട്ടുകാരെ കണ്ടെത്തി ഏല്‍പ്പിക്കാന്‍ സാധിച്ചത് നേട്ടമായി കരുതുമ്പോഴും ഏല്ലാവരുമുള്ള അന്തേവാസിയായ നളിനാക്ഷനെ ഏറ്റെടുക്കാന്‍ ആരും എത്താത്തത് ദുഃഖമായി ശ്രീകുമാറിന്റെ മനസ്സിലുണ്ട്.
നീണ്ടകര പഞ്ചായത്തിലെ 163-ാം നമ്പര്‍ അങ്കണവാടിക്ക് സ്ഥലമില്ലാതിരുന്നപ്പോള്‍ സൗജന്യമായി വസ്തുനല്‍കി കെട്ടിടം നിര്‍മിച്ചുനല്‍കിയതും ഇദ്ദേഹമാണ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി സൗജന്യ പഠനപരിശീലന കേന്ദ്രത്തിനായി കെട്ടിടം നിര്‍മിക്കുന്ന തിരക്കിലാണിപ്പോള്‍.
ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ഏറ്റെടുത്ത 18-വയസ്സ് കഴിഞ്ഞ ജോമോനും അനന്തുവും ജില്ലാതല യോഗ മത്സരത്തില്‍ വിജയിച്ചതും ഇദ്ദേഹത്തിന്റെ നിസ്വാര്‍ഥ സേവനത്തിന് കിട്ടിയ അംഗീകാരമാണ്. ശമ്പളത്തില്‍നിന്ന് മിച്ചംപിടിച്ചാണ് കരുതലൊരുക്കുന്നതെന്ന് ഏറെപ്പേര്‍ക്കും അറിയില്ല. ശ്രീകുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹപ്രവര്‍ത്തകരുടെയും പിന്തുണയുണ്ട്.
content highlights: charitable work of asi d sreekumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..