കോഴിക്കോട്: എഴുപത്തിരണ്ട് ദിവസത്തിനുശേഷം ഉമ്മയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞ സന്തോഷത്തിലായിരുന്നു മർക്കസ് ബോയ്‌സ് ഹൈസ്കൂളിലെ കശ്മീരി വിദ്യാർഥികൾ.

രാവിലെ മുതൽ വാച്ചിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുകയായിരുന്നു അവർ, 12 മണിയാകാൻ. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം 72 ദിവസങ്ങളായി അവർക്ക് വീട്ടിലേക്കു ബന്ധപ്പെടാനേ കഴിഞ്ഞിരുന്നില്ല. എന്നാൽ തിങ്കളാഴ്ച ഫോൺബന്ധം പുനഃസ്ഥാപിച്ചതോടെ സ്കൂളിലെ അധ്യാപകർ മൊബൈൽ ഫോൺ നൽകി, പ്രിയപ്പെട്ടവരെ വിളിക്കാൻ.

ഷോപ്പിയാൻ ജില്ലയിലെ ഐജാസ് വഖായാണ് ആദ്യം വിളിച്ചത്. മറുതലയ്ക്കൽനിന്ന് ഉപ്പ മുഹമ്മദ് ശബാന്റെ ശബ്ദം കേട്ടപ്പോൾ ഐജാസിന്റെ മുഖത്ത് സന്തോഷക്കണ്ണീർ. ദീർഘനാളായി മകന്റെ വിവരമറിയാൻ കഴിയാത്ത സങ്കടത്തിലായിരുന്നു വീട്ടുകാർ. മതിവരുവോളം ഉമ്മ ആയിശയും ഐജാസുമായി സംസാരിച്ചു. നാട്ടിൽ സന്തോഷമാണ് എന്നറിയിച്ചു. മകന് സ്വസ്ഥവും സമാധാനപരവുമായി പഠിക്കാൻ പറ്റിയല്ലോ എന്ന് പറഞ്ഞ് ഉമ്മ ആശ്വസിപ്പിച്ചു.

അതേ ജില്ലക്കാരനായ ഉവൈസ് ഹമീദ് വീട്ടിലേക്ക് മൂന്ന് വട്ടം വിളിച്ചെങ്കിലും സാങ്കേതികത്തകരാറുകാരണം ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. രാത്രിയോടെ നെറ്റ് വര്‍ക്ക്‌ ശരിയാകും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് അവനും മറ്റ് സഹപാഠികളും.

കശ്മീരികളായ നൂറോളം വിദ്യാർഥികളാണ് മർക്കസിൽ പഠിക്കുന്നത്. 2004-ൽ മുഫ്‌തി മുഹമ്മദ് സയീദ് മുഖ്യമന്ത്രിയായ സമയത്ത്‌ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുമായി നടത്തിയ ചർച്ചയിലാണ് മർക്കസ് വിദ്യാർഥികളെ മികച്ചപഠനത്തിന് കേരളത്തിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്.

 

Content Highlights: Boys are happy to have talk with mother in Kashmir after 72 days